യമനില്‍ കാര്‍ബോംബ് സ്‌ഫോടനം; 15 മരണം
സന്‍ആ: ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. തെക്കു കിഴക്കന്‍ യമനിലെ ഷാബ്‌വ പ്രവിശ്യയില്‍ യു.എ.ഇയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യമന്‍ സൈന്യത്തിന്റെ ചെക്ക്‌പോസ്റ്റിലാണു സംഭവം. സൈന്യം വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ഇവിടെയെത്തിയ കാര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
കാര്‍ ബോംബ് പൊട്ടിത്തെറിച്ച ശേഷം ഒരാള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം സൈനികരാണെന്നാണു വിവരം. സംഭവത്തില്‍ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അല്‍ ഖാഇദയാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ വിഭാഗം ആരോപിച്ചു.
അതിനിടെ, വിഘടനവാദികള്‍ നിയന്ത്രണത്തിലാക്കിയ ഏദനില്‍ അടിയന്തര വെടിനിര്‍ത്തലിന് സഊദി സഖ്യസൈന്യം ആഹ്വാനം ചെയ്തു. യമന്‍ സര്‍ക്കാര്‍ സൈന്യവും വിഘടനവാദി സൈന്യവും തമ്മില്‍ പോരാട്ടം മൂര്‍ച്ഛിച്ച തെക്കന്‍ ഏദനിലാണ് വെടിനിര്‍ത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ, യമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും ഇത് ഫലം കണ്ടിരുന്നില്ല.
തിങ്കളാഴ്ച മുതല്‍ മേഖലയിലുണ്ടായ സംഘട്ടനത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റെഡ്‌ക്രോസ് അന്താരാഷ്ട്ര കമ്മിറ്റി(ഐ.സി.ആര്‍.സി) അറിയിച്ചു.
ഞായറാഴ്ച ഏദനിലെ താല്‍ക്കാലിക സര്‍ക്കാര്‍ മന്ദിരങ്ങളെല്ലാം നിയന്ത്രണത്തിലാക്കിയ വിഘടനവാദികള്‍ തിങ്കളാഴ്ച ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള രണ്ട് സൈനിക ക്യാംപുകളും പിടിച്ചെടുത്തു. ഇവിടെയുള്ള പ്രസിഡന്റിന്റെ കൊട്ടാരത്തിനു നേരെയാണ് സൈന്യം ഇപ്പോള്‍ മുന്നേറിക്കൊണ്ടിരിക്കുന്നത്.
ആക്രമണത്തില്‍ ഏദന്‍ നഗരം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. നഗരത്തിലെ സ്‌കൂളുകളും സര്‍വകലാശാലകളും കടകളും അടഞ്ഞുകിടക്കുകയാണ്. യമന്‍ തലസ്ഥാനമായ സന്‍ആയില്‍ വിമത സൈന്യമായ ഹൂതികള്‍ പിടിമുറുക്കിയതിനു ശേഷമാണ് മന്‍സൂറിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സര്‍ക്കാര്‍ ഭരണ ആസ്ഥാനം താല്‍ക്കാലികമായി ഏദനിലേക്കു മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."