കേന്ദ്രസേന പഠനദൗത്യം ഗെയില്‍ പദ്ധതി മുന്നില്‍ക്കണ്ടെന്ന് സംശയം
നാദാപുരം: കേന്ദ്രസേന നാദാപുരത്ത് പഠനപ്രവര്‍ത്തനവുമായി എത്തിയത് ഗെയില്‍ പ്രകൃതി വാതക പൈപ്പ്ലൈന് പദ്ധതിയുമായി ബന്ധപ്പെട്ടെന്നു സംശയമുയരുന്നു. മറ്റുജില്ലകളില്‍ പൈപ്പിടല്‍ പ്രവൃത്തി ആരംഭിച്ചതോടെ ഭൂമി നഷ്ടമായവരും നാട്ടുകാരും ശക്തമായ പ്രതിഷേധത്തിലാണ്. അന്യായമായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടി നാട്ടുകാര്‍ ചോദ്യം ചെയ്യുകയും പ്രതിഷേധം ആരംഭിക്കുകയും ചെയ്തതോടെയാണ് പൊലിസ് സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിക്കായി വന്‍തോതിലുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനുള്ള പ്രത്യേക അറിയിപ്പോ വിവരമോ ഉടമകള്‍ക്ക് നല്‍കാതെ സായുധരായ പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്ഥലം അളന്നു മാര്‍ക്കിടുന്ന ജോലിയാണിപ്പോള്‍ നടന്നുവരുന്നത്. ഇതേത്തുടര്‍ന്നു പല സ്ഥലങ്ങളിലും സ്ഥലമുടമകളും ഏറ്റെടുക്കല്‍ നടപടികള്‍ക്കായി എത്തുന്ന ഉദ്യോഗസ്ഥരുമായി സംഘര്‍ഷം പതിവാണ്.
നാദാപുരം മേഖല അതീവ പ്രശ്നസാധ്യതയുള്ള പ്രദേശമായതിനാല്‍ സര്‍ക്കാരും വിഷയത്തെ ഏറെ ഗൗരവമായാണ് കാണുന്നത്. ജില്ലയില്‍ ആയഞ്ചേരി പഞ്ചായത്ത് വഴിയാണ് നാദാപുരം, തൂണേരി വില്ലേജുകളിലേക്ക് നിര്‍ദ്ധിഷ്ട പദ്ധതി കടന്നു വരുന്നത്.
മറ്റു വില്ലേജുകളിലെ നടപടി ക്രമങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ജനങ്ങള്‍ വന്‍പ്രതിഷേധവുമായാണ് രംഗത്തിറങ്ങിയത്. എന്നാല്‍ എന്തു വിലകൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഗെയിലിനു നല്കിയ ഉറപ്പു പാലിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."