വയനാടന്‍ മണ്ണില്‍ കാല്‍പന്തുകളിയുടെ ആരവങ്ങള്‍ വരവായി
കല്‍പ്പറ്റ: ഇനിയുള്ള നാളുകള്‍ വയനാടന്‍ മണ്ണില്‍ കാല്‍പന്തുകളിയുടെ ആരവങ്ങള്‍ക്കാവും വേദിയാവുക. ഈമാസം 19ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍താരം ഷറഫലി ഉദ്ഘാടനം ചെയ്യുന്ന വയനാട് പ്രീമിയര്‍ ലീഗാണ് വയനാടന്‍ കാല്‍പന്ത് കമ്പക്കാര്‍ക്ക് കളിമികവിന്റെ പുതിയ മാനങ്ങള്‍ സമ്മാനിക്കുക. ഇതിനായി കൈമെയ് മറന്നുള്ള പ്രവര്‍ത്തനത്തിലാണ് സംഘാടകര്‍.
[caption id="attachment_240680" align="alignnone" width="620"] കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്റ്റേഡിയം[/caption]
കഴിഞ്ഞ ദിവസം ടൂര്‍ണമെന്റിലേക്കുള്ള ടീം സെലക്ഷനും പൂര്‍ത്തിയായി. 16 ടീമുകളാണ് മത്സരത്തില്‍ ബൂട്ടണിയുക. ജില്ലയില്‍ എ ഡിവിഷനില്‍ കളിക്കുന്ന ആറ് ടീമുകള്‍ക്ക് പുറമെ അപേക്ഷ നല്‍കിയ 40ഓളം ടീമുകളില്‍ നിന്ന് പത്ത് ടീമുകളെയാണ് തെരഞ്ഞെടുത്തത്. ആരാധക പിന്തുണയും കളിമികവും മറ്റും അടിസ്ഥാനമാക്കിയാണ് ടീമുകളെ നിശ്ചയിച്ചത്. നോവ അരപ്പറ്റ, വിഡിയോ ക്ലബ് ബത്തേരി, ലെവന്‍ ബ്രദേഴ്‌സ് മുണ്ടേരി, പി.എല്‍.സി പെരുങ്കോട, സ്‌പൈസസ് മുട്ടില്‍, സോക്കര്‍ ഒളിമ്പിയ മീനങ്ങാടി, ജുവന്റസ് മേപ്പാടി, ഓക്‌സ്‌ഫോഡ് എഫ്.സി വയനാട്, ഡൈന അമ്പലവയല്‍, ഇന്‍സൈറ്റ് പനമരം, ആസ്‌ക് ആറാംമൈല്‍, വയനാട് എഫ്.സി, വയനാട് ഫാല്‍ക്കന്‍സ്, എ.എഫ്.സി അമ്പലവയല്‍, എ.വണ്‍ ചെമ്പോത്തറ, സാസ്‌ക് സുഗന്ദഗിരി എന്നിവയാണ് കാണികളുടെ കണ്ണിന് വിരുന്നൂട്ടാന്‍ എസ്.കെ.എം.ജെ ഗ്രൗണ്ടില്‍ ബൂട്ടുകെട്ടുക. ഒരു ഗ്രൂപ്പില്‍ നാല് വീതം ടീമുകളായി നാല് ഗ്രൂപ്പുകളായി തിരിച്ചാണ് സെവന്‍സ് അടിസ്ഥാനത്തില്‍ വയനാട് പ്രീമിയര്‍ ലീഗ് അരങ്ങേറുക.
ആദ്യ റൗണ്ടില്‍ ഓരോ ടീമിനും മൂന്ന് മത്സരങ്ങളുണ്ടാകും. 25 മിനിറ്റ് വീതമുള്ള രണ്ട് പകുതികളായാകും മത്സരങ്ങള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ കളി ഒരു മണിക്കൂറാകും. ഓരോ ടീമിലും 12 കളിക്കാരെ രജിസ്റ്റര്‍ ചെയ്യാം. ഇതില്‍ രണ്ടുപേര്‍ ഗോള്‍ കീപ്പര്‍മാരായിരിക്കണം. രണ്ട് വിദേശ താരങ്ങളും രണ്ട് വയനാടന്‍ താരങ്ങളും കളത്തിലുണ്ടായിരിക്കണം. മറ്റു കളിക്കാരെ ഇന്ത്യയില്‍ എവിടെ നിന്ന് വേണമെങ്കിലും ടീമുകള്‍ക്ക് കണ്ടെത്താം. ഓഫ്‌സൈഡ് നിയമം ഇല്ലാതെ നടത്തുന്ന ടൂര്‍ണമെന്റില്‍ റോളിങ് സബ്സ്റ്റിറ്റിയൂഷനായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും റണ്ണേഴ്‌സ് അപ്പിന് അര ലക്ഷം രൂപയും സമ്മാന തുക നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."