സ്റ്റിക്കര്‍ പതിക്കല്‍: ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി.
ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ റെയ്ഞ്ച് ഐ.ജിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
വീടുകളില്‍ കറുത്ത സ്റ്റിക്കറുകള്‍ പതിച്ചതായി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡി.ജി.പി സംസ്ഥാനത്തെ എല്ലാ പൊലിസ് സ്‌റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ആശങ്കകള്‍ ആരെങ്കിലും അറിയിച്ചാല്‍ എത്രയുംവേഗം അന്വേഷണവും നടപടികളുമുണ്ടാവണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, ജനാലകളില്‍ കണ്ടെത്തിയ കറുത്ത സ്റ്റിക്കറുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഡി.ജി.പിയുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഐ.ജിമാര്‍ പങ്കെടുത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."