ഒഞ്ചിയത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ വെടിവയ്പ്പ്
വടകര: ഒഞ്ചിയത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടിനു നേരെ വെടിവയ്പ്പ്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. ഒഞ്ചിയം കണ്ണൂക്കരയിലെ മാടാക്കര കറുവക്കുണ്ടത്തില്‍ അബ്ദുല്‍ ഗഫൂറിന്റെ വീടിനു നേരെയാണ് വെടിവയ്പ്പുണ്ടായത്.
ഈ സമയം വീടിന്റെ മുന്‍വശത്തിരിക്കുകയായിരുന്ന ഗഫൂറും കുടുംബവും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ഭാര്യയും കുട്ടികളുമൊത്ത് വീടിന്റെ മുന്‍വശത്തിരുന്നു സംസാരിക്കുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്. ഉന്നം തെറ്റിയതിനാല്‍ ഉണ്ട വീടിന്റെ ജനല്‍ ചില്ലിലേക്ക് പതിക്കുകയായിരുന്നു.
ഉടന്‍ മക്കളെയും ഭാര്യയെയും കൂട്ടി ഗഫൂര്‍ വീടിനുള്ളിലേക്ക് ഓടിരക്ഷപ്പെട്ടു. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗഫൂറിന്റെ ഭാര്യ ഫൗസിയ കുഴഞ്ഞ് വീഴുകയും ചെയ്തു. ഫൗസിയ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് എസ്.ഡി.പി.ഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇരുകക്ഷികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.
വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിശ്വംഭരന്റെ നേതൃത്വത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പൊലിസ് നിഗമനം. സംഭവസ്ഥലത്തുനിന്ന് എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്ന രണ്ട് വെടിയുണ്ടകളും ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പഞ്ചായത്തില്‍ ഹര്‍ത്താലാചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."