ഉത്തരാഖണ്ഡിന്റെ തകര്‍ച്ചക്കു കാരണം കോണ്‍ഗ്രസിന്റെ വികസന കാഴ്ചപ്പാടില്ലായ്മ: മോദി
ഡെറാഡൂണ്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വന്‍ വിനോദ സഞ്ചാര സാധ്യതയുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരിനു കൃത്യമായ വികസന കാഴ്ചപ്പാടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡിലെ ഗഡ്‌വാല്‍ മേഖലയിലെ ശ്രീനഗറില്‍ ഗീതി മൈതാനില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നരേന്ദ്ര മോദി. കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ബി.ജെ.പിക്ക് ഒരു അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്‍ ടൂറിസം സാധ്യതകളുണ്ടായിട്ടും ഉത്തരാഖണ്ഡ് വികസനകാര്യത്തില്‍ ചത്തിസ്ഗഢിനും ജാര്‍ഖണ്ഡിനും പിറകെയാണുള്ളത്. മാവോയിസ്റ്റ് പ്രശ്‌നമുണ്ടായിട്ടും ചത്തിസ്ഗഢിനെ അവിടത്തെ ബി.ജെ.പി സര്‍ക്കാര്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമാക്കി മാറ്റി. അതുപോലെ, പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനമായ ജാര്‍ഖണ്ഡ് ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ നിക്ഷേപകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. വികസനവഴിയില്‍ സംസ്ഥാനത്തെ നയിക്കാനുള്ള കാഴ്ചപ്പാട് കോണ്‍ഗ്രസിനില്ലാത്തതാണ് ഉത്തരാഖണ്ഡിന്റെ ശോച്യാവസ്ഥയ്ക്കു കാരണമെന്നും മോദി കുറ്റപ്പെടുത്തി.
ലോകത്തെ സഞ്ചാരികളെ മുഴുവന്‍ ആകര്‍ഷിക്കുന്ന തരത്തില്‍ സംസ്ഥാനത്തെ വന്‍ വിനോദസഞ്ചാര കേന്ദ്രമാക്കാനാണ് ബി.ജെ.പിയുടെ പദ്ധതി. സംസ്ഥാനത്തുള്ള ആയുര്‍വേദ സമ്പത്തും ഇതിനായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വിനോദ സഞ്ചാരം, യോഗ, ആയുര്‍വേദം തുടങ്ങിയ മേഖലകളില്‍ വന്‍ ജോലി അവസരങ്ങള്‍ സൃഷ്ടിക്കാനാകും. അതുവഴി ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം തൊഴില്‍ നഷ്ടപ്പെട്ട് നാടുവിടുന്ന നാട്ടുകാരെ തിരിച്ചെത്തിക്കാനാകുമെന്നും മോദി അഭിപ്രായപ്പെട്ടു.
നോട്ടുനിരോധന വിഷയത്തിലും കോണ്‍ഗ്രസിനെതിരേ മോദി വിമര്‍ശനമുന്നയിച്ചു. 500, 1,000 നോട്ടുകളുടെ നിരോധനം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നും അതാണു നിരോധനം പ്രഖ്യാപിച്ചു മൂന്നുമാസം പിന്നിട്ടിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആക്ഷേപിക്കുന്നതു തുടരുന്നത്. 70 വര്‍ഷമായി രാജ്യത്തെ നിഷ്‌കരുണം കൊള്ളയടിച്ചവരെ ശിക്ഷിക്കുകയാണു താന്‍ ചെയ്യുന്നത്. ഇതില്‍ ഒരു പ്രശ്‌നവും തനിക്കില്ല. അഴിമതിക്കും കള്ളപ്പണത്തിനുമെതിരേ പ്രഖ്യാപിച്ച യുദ്ധം തുടരുക തന്നെ ചെയ്യും. രാജ്യത്തെ പാവങ്ങള്‍ക്കു വേണ്ടി എന്തും നേരിടാന്‍ തയാറാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."