കൊച്ചിന് മാസ്റ്റേഴ്സ് ഗോള്‍ഫ്; സയ്യിദ് സഖിബ് അഹ്മദ് ഒന്നാം സ്ഥാനത്ത്
കൊച്ചി: ദേശീയ ചാംപ്യനെ കണ്ടെത്താനുള്ള പി.ജി.ടി.ഐ കൊച്ചിന് മാസ്റ്റേഴ്സ് ഗോള്‍ഫ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബംഗളൂരുവില്‍ നിന്നുള്ള സയ്യിദ് സാഖിബ് അഹ്മദ് ഒന്നാം സ്ഥാനത്തെത്തി.
ആദ്യ റൗണ്ടില്‍ ഒന്നാം സ്ഥാനത്തായിരുന്ന നോയിഡയിലെ അമര്‍ദീപ് സിങ് മാലിക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇരുപത്തൊന്നുകാരനായ സയ്യിദ് സാഖിബ് കഴിഞ്ഞ വര്‍ഷം നടന്ന പി.ജി.ടി.ഐ ടൂര്‍ണമെന്റില്‍ പത്താം സ്ഥാനത്തായിരുന്നു. ഇന്നലെ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്.
മൂന്ന് വര്‍ഷത്തെ ഗോള്‍ഫ് പ്രൊഫഷണല്‍ കരിയറില്‍ ആദ്യമായാണ് ഒരു ടൂര്‍ണമെന്റിന്റെ ഒന്നാം സ്ഥാനത്ത് സയ്യിദ് സാഖിബ് എത്തുന്നത്.
പ്രകടനം സന്തോഷം തരുന്നതാണെന്നും തന്റെ പ്രൊഫഷണല്‍ കരിയറില്‍ ആദ്യമായാണ് ആദ്യ സ്ഥാനക്കാരനാവുന്നതെന്നും സയ്യിദ് സാഖിബ് മത്സര ശേഷം പറഞ്ഞു. തുടക്കം മികച്ചതായിരുന്നെങ്കിലും ഇടയ്ക്ക് ഫോം നഷ്ടപ്പെട്ടു. പിന്നീട് തിരിച്ചു വരാനായി.
ആത്മസുഹൃത്ത് ദിവാന്‍ഷു ബജാജിനൊപ്പം കളിച്ചത് കുറച്ചു സമ്മര്‍ദമുണ്ടാക്കി. ഞങ്ങള്‍ ഒരുമിച്ച് ഗോള്‍ഫ് കളിച്ച് പഠിച്ചവരാണ്. എങ്കിലും പരസ്പര പോരാട്ടത്തെ ഞങ്ങള്‍ ആസ്വദിക്കുകയാണെന്നും സയ്യിദ് സാഖിബ് വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നിന്നുള്ള ശങ്കര്‍ ദാസ് മൂന്നാം സ്ഥാനത്തും ചണ്ഡീഗഢ് സ്വദേശി അഭിജിത് സിങ് ചദ്ദ നാലാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."