ഇരട്ട മെഡല്‍ നേട്ടവുമായി ആന്‍സിയും സാന്ദ്രയും
ന്യൂഡല്‍ഹി: ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് ഒരു സ്വര്‍ണമടക്കം നാല് മെഡലുകള്‍. ഒരു സ്വര്‍ണം രണ്ട് വെള്ളി ഒരു വെങ്കലം മെഡലുകളാണ് ഇന്നലെ കേരളം സ്വന്തമാക്കിയത്. കേരളത്തിന്റെ ആന്‍സി സോജന്‍ ലോങ് ജംപില്‍ സ്വര്‍ണവും 200 മീറ്ററില്‍ വെള്ളിയും നേടി രണ്ടാം ദിനത്തില്‍ ഇരട്ട മെഡലുകള്‍ക്ക് അര്‍ഹയായി. നേരത്തെ ആദ്യ ദിനത്തില്‍ ട്രിപ്പിള്‍ ജംപില്‍ വെള്ളി നേടിയ സാന്ദ്ര ബാബു രണ്ടാം ദിനത്തില്‍ ലോങ് ജംപിലും വെള്ളി നേട്ടം ആവര്‍ത്തിച്ച് ഇരട്ട മെഡലുകള്‍ക്കുടമയായി. പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ ശ്രീലക്ഷ്മി ആര്‍ കേരളത്തിന് വെങ്കലം സമ്മാനിച്ചു.
പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ പുതിയ മീറ്റ് റെക്കോര്‍ഡ് സ്ഥാപിച്ചാണ് ആന്‍സി സോജന്‍ സ്വര്‍ണവും സാന്ദ്ര ബാബു വെള്ളിയും സ്വന്തമാക്കിയത്. 5.80 മീറ്റര്‍ താണ്ടി ആന്‍സി സുവര്‍ണ താരമായപ്പോള്‍ രണ്ടാമതെത്തിയ സാന്ദ്ര 5.68 മീറ്റര്‍ പിന്നിട്ടാണ് വെള്ളി നേട്ടത്തിലെത്തിയത്. 5.62 മീറ്റര്‍ ചാടി തമിഴ്‌നാടിന്റെ പി ബബിഷ വെങ്കല നേട്ടത്തിലെത്തി.
പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ 25.31 സെസെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ആന്‍സി രണ്ടാം സ്ഥാനത്തെത്തിയത്. ഈയിനത്തില്‍ പഞ്ചാബിന്റെ ചന്‍വീര്‍ കൗര്‍ 24.76 സെക്കന്‍ഡില്‍ സ്വര്‍ണവും തമിഴ്‌നാടിന്റെ സാന്ദ്ര തെരേസ മാര്‍ടിന്‍ 25.44 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
ശ്രീലക്ഷ്മി 2.40 മീറ്റര്‍ ഉയരം താണ്ടിയാണ് പോള്‍ വാള്‍ട്ടില്‍ വെങ്കലം നേടിയത്. ഇതേ ഇനത്തില്‍ കേരളത്തിന്റെ തന്നെ അക്ഷര എസ് നാലാം സ്ഥാനം സ്വന്തമാക്കി. തമിഴ്‌നാടിന്റെ ടി സത്യ സ്വര്‍ണവും ഉത്തര്‍പ്രദേശിന്റെ രേഷ്മ പട്ടേല്‍ വെള്ളിയും നേടി. ആദ്യ ദിനത്തില്‍ ഓരോ സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയ കേരളത്തിന്റെ മൊത്തം മെഡല്‍ നേട്ടം രണ്ട് സ്വര്‍ണം മൂന്ന് വെള്ളി രണ്ട് വെങ്കലം.
200 മീറ്ററില്‍ സുവര്‍ണ പ്രതീക്ഷയുമായി ഇറങ്ങിയ ആന്‍സിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അത്‌ലറ്റുകള്‍ക്ക് വിശ്രമത്തിന് സമയം നല്‍കാതെ മത്സരങ്ങള്‍ തുടര്‍ച്ചയായി നടത്തിയതാണ് ആന്‍സിക്ക് 200മീറ്ററില്‍ സ്വര്‍ണം നഷ്ടമാക്കിയത്. ഇനി റിലേയില്‍ കൂടി ആന്‍സി മത്സരിക്കുന്നുണ്ട്.
നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ആന്‍സി നാട്ടിക സ്‌പോര്‍ട്‌സ് അക്കാദമിക്ക് കീഴിലാണ് പരിശീലനം നടത്തുന്നത്. വി.വി കണ്ണനാണ് പരിശീലകന്‍. കഴിഞ്ഞ ദേശീയ സ്‌കൂള്‍ മീറ്റില്‍ ആന്‍സി നാല് സ്വര്‍ണം നേടിയിരുന്നു. നാട്ടികയിലെ പി.എ അതുല്യയും ഖേലോ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."