ലാന്റ് ട്രൈബ്യൂണലുകളില്‍ ഒന്നര ലക്ഷത്തോളം കേസുകള്‍ കെട്ടിക്കിടക്കുന്നു
കോട്ടയം: തഹസില്‍ദാര്‍മാര്‍ക്ക് അധികചുമതല നല്‍കിയിട്ടും റവന്യൂവകുപ്പിന് കീഴിലുള്ള ലാന്റ് ട്രൈബ്യൂണലുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തോളം കേസുകള്‍. ദേവസ്വം ട്രൈബ്യൂണലുകള്‍ അടക്കം 31 ട്രൈബ്യൂണലുകളിലായി 134753 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ ലാന്റ് ട്രൈബ്യൂണലുകളില്‍ 105061 കേസുകളും ദേവസ്വം ട്രൈബ്യൂണലുകളില്‍ 29692 കേസുകളുമാണ് ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുള്ളത്. ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കാണ് ഇതിനു കാരണമെന്നാണ് ആക്ഷേപം.
സംസ്ഥാനത്ത് 17 ലാന്റ് ബ്രൈ്യൂണലുകളാണുള്ളത്. ദേവസ്വം കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഡപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍)ന്റെ ചുമതലയില്‍ 14 ദേവസ്വം ട്രൈബ്യൂണലുകളും പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ വിവിധ ജില്ലകളിലെ 29 തഹസില്‍ദാര്‍മാരെ സ്‌പെഷല്‍ ട്രൈബ്യൂണലുകളായി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന ജില്ലകളിലെ തഹസില്‍ദാര്‍മാര്‍ക്കാണ് അധികചുമതല നല്‍കിയിരിക്കുന്നത്. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ തീര്‍പ്പാക്കാനുള്ളത്. ഇത്തരത്തില്‍ അധികചുമതല നല്‍കിയ ജില്ലകളിലെ കേസുകളില്‍പോലും യാതൊരു പുരോഗതിയുമില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. ട്രൈബ്യൂണലുകളില്‍ സ്ഥിരമായി ഉദ്യോഗസ്ഥര്‍ തുടരാത്തത് പരാതികള്‍ കുന്നുകൂടാന്‍ കാരണമായെന്ന് റവന്യൂവകുപ്പ്തന്നെ സമ്മതിക്കുന്നു.
അതേസമയം, കുടിയായ്മ അവസാനിച്ചിട്ടും കുടികിടപ്പു സംബന്ധിച്ച പരാതികള്‍ പരിഗണിക്കേണ്ടി വരുന്നതാണ് കേസുകളുടെ വര്‍ധനവിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."