മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സി.പി.എം - ബി.ജെ.പി ചര്‍ച്ച
തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ സി.പി.എം, ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തി. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചര്‍ച്ച. നേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചുവരുത്തുകയായിരുന്നു.
കണ്ണൂരില്‍ ഇന്നു നടക്കുന്ന സര്‍വകക്ഷി യോഗത്തിനു മുന്നോടിയായാണ് യോഗം വിളിച്ചത്. യോഗം. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, നേതാക്കളായ ആനത്തലവട്ടം ആനന്ദന്‍, എം.വി ഗോവിന്ദന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, ആര്‍.എസ്.എസ് നേതാവ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് മുഖ്യമന്ത്രി നേതാക്കളോട് അഭ്യര്‍ഥിച്ചു. സമാധാന ശ്രമങ്ങളുമായി ഇരു പക്ഷവും സഹകരിക്കാന്‍ യോഗത്തില്‍ ധാരണയായി.
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരുപക്ഷത്തെയും നേതാക്കള്‍ മുന്‍കൈയെടുക്കാന്‍ യോഗത്തില്‍ ധാരണയായതായി ചര്‍ച്ചയ്ക്കു ശേഷം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചെറിയ വിഷയങ്ങളിലുള്ള തര്‍ക്കങ്ങളാണ് പിന്നീട് സംഘര്‍ഷമായി വളരുന്നത്. തര്‍ക്കങ്ങള്‍ തുടക്കത്തില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ സംഘര്‍ഷം ഒഴിവാക്കാം. പാര്‍ട്ടി പ്രവര്‍ത്തകരെ ഇക്കാര്യം പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.
സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ബി.ജെ.പി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്നാല്‍ അതിന് അനുകൂലമായ സമീപനം പൊലിസിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്.
നിഷ്പക്ഷമായും ആത്മര്‍ഥമായും പൊലിസ് അതിനു ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ സഹകരിക്കാന്‍ തയാറാണെന്ന് ബി.ജെ.പിയും ആര്‍.എസ്.എസും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ആ നിലപാടു തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."