അപരാജിത കുതിപ്പ് തുടരുന്ന കോഹ്‌ലിക്കൂട്ടം
ഹൈദരാബാദ്: തുടര്‍ച്ചയായ 20 ടെസ്റ്റുകളില്‍ പരാജയമറിയാതെ ടെസ്റ്റ് റാങ്കിങിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാട്ടിലെ കുതിപ്പ് തുടരുന്നു. പരാജയമറിയാതെ നാട്ടില്‍ കൂടുതല്‍ ടെസ്റ്റ് കളിക്കുന്ന ടീമെന്ന റെക്കോര്‍ഡിലേക്കാണു നിലവിലെ ടീമിന്റെ സഞ്ചാരം. 1977 മുതല്‍ 1980 വരെയുള്ള കാലത്ത് പരാജയമറിയാതെ കുതിച്ച് റെക്കോര്‍ഡിട്ട അന്നത്തെ ഇന്ത്യന്‍ ടീമിനെ മറികടക്കാന്‍ നിലവിലെ ടീമിനു ഒരു വിജയമോ സമനിലയോ മതി. വരാനിരിക്കുന്ന ആസ്‌ത്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് വിജയിക്കാനോ സമനിലയിലാക്കാനോ സാധിച്ചാല്‍ ഈ നാഴികക്കല്ലും കോഹ്‌ലിക്കും കൂട്ടര്‍ക്കും സ്വന്തം. ഈ മാസം 23നാണു നാലു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം.
1 977 ജനുവരി 28 മുതല്‍ 1980 ഫെബ്രുവരി മൂന്നു വരെ കളിച്ച മത്സരങ്ങളിലാണു ഇന്ത്യ പരാജയം രുചിക്കാതെ മുന്നേറിയത്. ബിഷന്‍ സിങ് ബേദി, സുനില്‍ ഗവാസ്‌കര്‍, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ഈ കാലയളവില്‍ ഇംഗ്ലണ്ടിനെതിരേ രണ്ടും വെസ്റ്റിന്‍ഡീസ്, ആസ്‌ത്രേലിയ, പാകിസ്താന്‍ ടീമുകള്‍ക്കെതിരേ ആറു വീതം മത്സരങ്ങളുമാണു ഇന്ത്യ കളിച്ചത്. 2012ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് സമനിലയില്‍ അവസാനിച്ച ശേഷം ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. 2013ല്‍ എം.എസ് ധോണിക്കു കീഴില്‍ ആസ്‌ത്രേലിയക്കെതിരേ 4-0ത്തിനും വെസ്റ്റിന്‍ഡീസിനെതിരേ 2-0ത്തിനും ഇന്ത്യ പരമ്പര തൂത്തുവാരി. പിന്നീട് വിരാട് കോഹ്‌ലി നായകനായ ശേഷം ദക്ഷിണാഫ്രിക്കക്കെതിരേ 3-0ത്തിനും ന്യൂസിന്‍ഡിനെതിരേ 3-0ത്തിനും ഇംഗ്ലണ്ടിനെതിരേ 4-0ത്തിനും പരമ്പര വിജയം നേടിയ ഇന്ത്യ ഇപ്പോള്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റിലും വിജയം സ്വന്തമാക്കിയാണു അപരാജിതരായി 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.
2015ലെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഗാല്ലെ ടെസ്റ്റില്‍ 63 റണ്‍സിനു തോറ്റ ശേഷം ഇന്ത്യ ടെസ്റ്റില്‍ പരാജയം അറിയാതെയാണു മുന്നേറുന്നത്. 1982 മുതല്‍ 1984 വരെയുള്ള കാലത്ത് തോല്‍വിയറിയാതെ 27 ടെസ്റ്റുകള്‍ കളിച്ച വെസ്റ്റിന്‍ഡീസിന്റെ റെക്കോര്‍ഡും ഇന്ത്യക്ക് തകര്‍ക്കാനുള്ള അവസരമുണ്ട്. വരാനിരിക്കുന്ന ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ഒന്‍പതു ടെസ്റ്റുകള്‍ തുടര്‍ച്ചയായി വിജയിക്കുന്ന മൂന്നാമത്തെ ടീമായി മാറാനും ഇന്ത്യക്ക് അവസരമുണ്ട്. നേരത്തെ 1884, 1982 കാലത്ത് ഇംഗ്ലണ്ടും 2005, 2008 കാലത്ത് ആസ്‌ത്രേലിയയും ടെസ്റ്റില്‍ ഒന്‍പതു തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."