കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാത്തത് അപലപനീയം: മുസ്‌ലിംലീഗ്
മലപ്പുറം: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്ഥാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി അപലപനീയവും നീതീകരിക്കാനാകാത്തതുമാണെന്നു മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ജനറല്‍സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദറും പ്രസ്താവിച്ചു.
റണ്‍വേ നവീകരണം പൂര്‍ത്തീകരിക്കാത്ത വേളയിലാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കരിപ്പൂരില്‍നിന്നുള്ള ഹജ്ജ് വിമാന സര്‍വിസ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്.
എന്നാല്‍, നവീകരണം പൂര്‍ത്തിയാക്കിയ ഈ വര്‍ഷത്തിലും ഹജ്ജ് വിമാനസര്‍വിസില്‍നിന്നും കരിപ്പൂരിനെ തഴഞ്ഞിരിക്കുകയാണ്. കേരളത്തില്‍ കൂടുതല്‍ ഹജ്ജ് യാത്രികര്‍ മലബാറില്‍നിന്നാണ്. അവര്‍ക്കൊക്കെ പ്രയാസകരമാകുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സ്വീകരിച്ചിരിക്കുന്നതെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.
ഇത്തവണ മംഗലാപുരംപോലുള്ള ചെറിയ വിമാനത്താവളങ്ങളില്‍നിന്നുപോലും ഹജ്ജ് സര്‍വിസിന് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നു. അത്തരം വിമാനത്താവളങ്ങളില്‍നിന്ന് വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്തുകയില്ലെന്നു മനസിലാക്കിയ അധികൃതര്‍ ചെറിയ വിമാനങ്ങളുടെ സര്‍വിസിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍, കേരളത്തില്‍നിന്നുള്ള ഹാജിമാര്‍ക്കായി വലിയ വിമാനങ്ങളുടെ ക്വട്ടേഷന്‍ മാത്രം ക്ഷണിച്ചത് കരിപ്പൂരിനെ എംബാര്‍ക്കേഷന്‍ പോയിന്റാക്കാതിരിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും വിഷയത്തില്‍ ആവശ്യമെങ്കില്‍ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."