വിതരണം ചെയ്തത് ഒന്നേകാല്‍ കോടിയുടെ സഹായധനം
കണ്ണൂര്‍: കലക്ടറുടെ നേതൃത്വത്തില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലയിലെ 98 പേര്‍ക്കായി 1.14 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ സാന്നിധ്യത്തില്‍ പി.കെ ശ്രീമതി എം.പി സഹായധന വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊടിക്കുണ്ട് സ്‌ഫോടനവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുകയിനത്തില്‍ ടി ബാലന് 12 ലക്ഷം രൂപയുടെ ചെക്ക് നല്‍കിക്കൊണ്ടായിരുന്നു ഉദ്ഘാടനം.
കണ്ണൂര്‍ താലൂക്കിലെ 75 പേര്‍ക്കായി 94 ലക്ഷം, തലശ്ശേരി താലൂക്കിലെ 19 പേര്‍ക്ക് 12.43 ലക്ഷം, ഇരിട്ടി താലൂക്കിലെ രണ്ട് പേര്‍ക്ക് രണ്ട് ലക്ഷം, തളിപ്പറമ്പ് താലൂക്കിലെ രണ്ട് പേര്‍ക്ക് ആറ് ലക്ഷം എന്നിങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയില്‍ നിന്ന് അനുവദിച്ച തുകയാണ് വിതരണം ചെയ്തത്.
ഓണ്‍ലൈനായി സ്വീകരിച്ച 2813 അപേക്ഷകളിലാണ് തീര്‍പ്പായത്. ഇന്നലെ 3625 പുതിയ അപേക്ഷകള്‍ ലഭിച്ചു. ഇവയില്‍ അടിയന്തര പ്രാധാന്യമുള്ള 450ലേറെ അപേക്ഷകള്‍ കലക്ടറുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ തന്നെ പരിഗണിച്ചു. ബാക്കിയുള്ളവ കൂടുതല്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട വില്ലേജുകളിലേക്ക് അയക്കും.
ചികിത്സാ ധനസഹായം, ഭവന നിര്‍മാണം, വിവിധ ആനുകൂല്യ വിതരണം, റേഷന്‍ കാര്‍ഡ് പുതുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അപേക്ഷകളാണ് ലഭിച്ചവയിലേറെയും. എ.ഡി.എം മുഹമ്മദ് യൂസുഫ്, വകുപ്പ് തലവന്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."