കിടപ്പുരോഗികള്‍ക്ക് സ്‌നേഹസ്പര്‍ശവുമായി മന്ത്രിയും ജനപ്രതിനിധികളുമെത്തി
കുറ്റ്യാടി: വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ വേദനകള്‍ കടിച്ചമര്‍ത്തി കഴിഞ്ഞവര്‍ക്ക് സ്‌നേഹ സ്പര്‍ശവും സാന്ത്വനവുമായി മന്ത്രി ടി.പി രാമകൃഷണനും, എം.എല്‍.എമാരായ ഇ.കെ വിജയനും പാറക്കല്‍ അബ്ദുല്ലയും എത്തിയത് മറക്കാനാവാത്ത അനുഭവമായി.
കെയിന്‍ കാന്‍സര്‍ ഫൗണ്ടേഷനും കായക്കൊടി പി.എച്ച്.സിയും സംഘടിപ്പിച്ച കിടപ്പുരോഗികളുടെ സംഗമത്തിലായിരുന്നു മന്ത്രിയും എം.എല്‍.എമാരും ആശ്വാസവുമായി എത്തിയത്. അപകടത്തില്‍ നട്ടെല്ല് തകര്‍ന്നവരും, ജന്മനാ വൈകല്യം ബാധിച്ചവരും സന്തോഷത്തോടെ സംഗമത്തില്‍ പങ്കെടുത്തു. മുപ്പത്തിയഞ്ചോളം രോഗികളും രക്ഷിതാക്കളും സംഗമത്തില്‍ പങ്കെടുത്തു.
തങ്ങള്‍ക്ക് ചുറ്റും ഒരു സമൂഹമുണ്ടെന്നും ഒരിക്കലും ഒറ്റപ്പെടില്ലെന്ന ബോധം സംഗമത്തിലൂടെ ലഭിച്ചെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. തങ്ങളുടെ പരിഭവങ്ങളും വേദനകളും ഇവര്‍ മന്ത്രിക്കും എം.എല്‍.എമാര്‍ക്കും മുന്നില്‍ അവതരിപ്പിച്ചു. കിടപ്പു രോഗികളുടെ പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും ഭിന്നശേഷിക്കാരുടെയും വൈകല്യം ബാധിച്ചവരുടെയും പ്രയാസങ്ങള്‍ സമൂഹം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.സംഗമത്തില്‍ രോഗികള്‍ക്ക് ആവശ്യമായ കിറ്റുകളും വിതരണം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി അധ്യക്ഷയായി. ഡോ. പിയൂഷ് നമ്പൂതിരി, ഡോക്ടര്‍മാരായ വി.കെ വിനോദ്, ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."