ക്വാറിയില്‍നിന്ന് സംരക്ഷണമാവശ്യപ്പെട്ട് വയോധികയുടെ സത്യഗ്രഹം
മുക്കം: വീടിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് വയോധികയും പേരക്കുട്ടികളും ക്വാറിക്ക് മുന്നില്‍ സത്യഗ്രഹ സമരമാരംഭിച്ചു.
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയനിടത്ത് പ്രവര്‍ത്തിക്കുന്ന ചേലൂപ്പാറ ക്വാറിക്കെതിരെയാണ് പാലത്തില്‍ ഏലിക്കുട്ടി (76), പേരമക്കളായ മരിയ (7), ജസ്ബിന്‍ (13), അജലോ (12) എന്നിവര്‍ സമരമാരംഭിച്ചത്. തങ്ങളുടെ വീടിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നുള്ള പ്രകമ്പനം കാരണം വീടിന് പല ഭാഗത്തും വിളളല്‍ സംഭവിച്ചതായി ഇവര്‍ പറഞ്ഞു.
ക്വാറിയില്‍ നിന്നുള്ള പൊടി കാരണം അലര്‍ജി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മാറുന്നില്ല. ഇതു സംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞദിവസം ക്വാറിയില്‍ നിന്നുള്ള വലിയ കല്ല് വീട്ടുമുറ്റത്ത് തെറിച്ച് വീണു.
ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായത്. ഇത്തരത്തില്‍ തങ്ങളനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം തേടിയാണ് ഇവര്‍ സമരമാരംഭിച്ചത്.
അതിനിടെ പ്രദേശത്ത് ക്വാറിക്ക് പുറമെ ക്രഷര്‍ യൂനിറ്റ് ആരംഭിക്കാനും ശ്രമം നടക്കുന്നതായും ഇവര്‍ പറയുന്നു. സമരത്തിന് പിന്തുണയുമായി ഗ്രാമപഞ്ചായത്തംഗം സുജാ ടോമിന്റെ നേതൃത്വത്തില്‍ നാട്ടുകാരും സ്ഥലത്തെത്തി.
ലോഡുമായി പോകുന്ന നിരവധി വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. നാട്ടുകാരുടെ പരാതി വകവെക്കാതെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയാണ് ക്വാറിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."