മാലദ്വീപില്‍ പ്രതിപക്ഷ നേതാക്കളുടെ മോചനം വൈകുന്നതില്‍ അന്താരാഷ്ട്ര വിമര്‍ശനം
മാലെ: സുപ്രിംകോടതി ഉത്തരവുണ്ടായിട്ടും പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാരുടെ മോചനം മാലദ്വീപ് സര്‍ക്കാര്‍ വൈകിപ്പിക്കുന്നതിനെതിരേ അന്താരാഷ്ട്ര വിമര്‍ശനം ശക്തമാകുന്നു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെതിരേ ഭീകരവിരുദ്ധ കുറ്റം ചുമത്തിയ സര്‍ക്കാര്‍ നടപടി മാലദ്വീപ് സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
ജയിലിലടച്ച ഒന്‍പതോളം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ഇവരെ വിചാരണ കൂടാതെ മോചിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. കഴിഞ്ഞ വര്‍ഷം പ്രതിപക്ഷത്തേക്കു കൂറുമാറിയതിനെ തുടര്‍ന്ന് പദവി നഷ്ടമായ 12 പാര്‍ലമെന്റ് അംഗങ്ങളെ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
പൊതുപണം ധൂര്‍ത്തടിക്കുക, മനുഷ്യാവകാശ ലംഘനം തുടങ്ങിയ ആരോപണങ്ങളുമായി നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീനിനിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഹരജി കോടതി പരിഗണിച്ചിട്ടില്ല.
മാലദ്വീപില്‍ ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നശീദിനെ 2012ല്‍ അബ്ദുല്ല യമീന് അട്ടിമറിച്ച് അധികാരത്തിലേറുകയായിരുന്നു. തുടര്‍ന്നാണ് നശീദിനെതിരേ 13 വര്‍ഷത്തെ ജയില്‍ശിക്ഷക്ക് അര്‍ഹതയുള്ള ഭീകരവിരുദ്ധ കുറ്റം ചുമത്തിയത്. ഇതേതുടര്‍ന്ന് നശീദ് വിദേശത്ത് കഴിയുകയായിരുന്നു.
നശീദിന്റെയും മറ്റു പ്രതിപക്ഷ നേതാക്കളുടെയും വിചാരണ ഭരണഘടനയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. കോടതി വിധിയെ യു.എന്‍, യൂറോപ്യന്‍ യൂനിയന്‍, ഇന്ത്യ, ബ്രിട്ടന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
കോടതി ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നതില്‍ രാജ്യത്ത് പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്. തലസ്ഥാനമായ മാലെയില്‍ അടക്കം നടന്ന പ്രതിഷേധ സംഗമങ്ങളില്‍ നൂറു കണക്കിനു പേര് പങ്കെടുത്തു.
അതിനിടെ, പ്രസിഡന്റ് അബ്ദുല്ല യമീന് രാജ്യത്തെ പൊലിസ് മേധാവിയെ വീണ്ടും പുറത്താക്കി. അഹ്മദ് സൗദീയെ പുറത്താക്കി പകരം അബ്ദുല്ല നവാസിനെ സ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് യമീന് പൊലിസ് മേധാവിമാരെ മാറ്റുന്നത്.
വെള്ളിയാഴ്ച അഹ്മദ് അരീഫ് എന്ന മുന്‍ മേധാവിയെ സ്ഥാനത്തുനിന്നു മാറ്റിയാണ് അഹ്മദ് സൗദീയെ നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."