മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ കുരുക്കി ബേണ്‍ലി
ലണ്ടന്‍: കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ബേണ്‍ലി സ്വന്തം തട്ടകത്തില്‍ സമനിലയില്‍ തളച്ചു. 1-1നാണ് മത്സരം ഒപ്പത്തില്‍ പിരിഞ്ഞത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ ഹഡ്ഡേഴ്സ്ഫീല്ഡിനെ പരാജയപ്പെടുത്തി. ഡാനിലോയിലൂടെ മുന്നിലെത്തിയ സിറ്റിയെ കളി അവസാനത്തോടടുത്ത ഘട്ടത്തില്‍ നേടിയ ഗോളിലാണ് ബേണ്‍ലി സമനിലയില്‍ പിടിച്ചത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി അലക്സിസ് സാഞ്ചസ് തന്റെ ആദ്യ ഗോള്‍ നേടിയ പോരാട്ടത്തിലാണ് അവര്‍ ഹഡ്ഡേഴ്സിനെ വീഴ്ത്തിയത്. മറ്റൊരു ഗോള്‍ ലുകാകു വലയിലാക്കി.
മറ്റ് മത്സരങ്ങളില്‍ സതാംപ്ടന് 3-2ന് വെസ്റ്റ് ബ്രോംവിചിനെയും ബ്രൈറ്റന് 3-1ന് വെസ്റ്റ് ഹാമിനേയും ബേണ്‍മൗത്ത് 2-1ന് സ്റ്റോക് സിറ്റിയേയും പരാജയപ്പെടുത്തി. ലെയ്സ്റ്റര്‍ സിറ്റി- സ്വാന്‍സീ സിറ്റി മത്സരം 1-1ന് സമനില.
കൊല്‍ക്കത്ത വീണ്ടും വീണു
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ അമ്ര ടീം കൊല്‍ക്കത്ത സ്വന്തം തട്ടകത്തില്‍ വീണ്ടും തോറ്റു. കരുത്തരായ ബംഗളൂരു എഫ്.സി അവരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. ആഷ്ലി വെസ്റ്റ്വുഡ് പരിശീലക സ്ഥാനമേറ്റെടുത്തിട്ടും അവര്‍ വിജയ വഴിയില്‍ എത്തിയില്ല. മൂന്നാം മിനുട്ടില്‍ എ.ടി.കെ താരം ജോര്‍ദി മിഗ്വെരസ് സെല്‍ഫ് ഗോളിലൂടെ ബംഗളൂരുവിന് ലീഡ് സമ്മാനിച്ചപ്പോള്‍ 83ാം മിനുട്ടില്‍ ഫെഡോറിലൂടെ ബംഗളൂരു പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ 27 പോയിന്റുമായി ബംഗളൂരു സെമിയിലേക്ക് കൂടുതല്‍ അടുത്തു. തോല്‍വിയോടെ എ.ടി.കെയുടെ അടുത്ത ഘട്ടത്തിലേക്കുള്ള മുന്നേറ്റം പരുങ്ങലില്‍.
ബയേണ്‍ മുന്നേറ്റം തുടരുന്നു
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മുന്നേറ്റം തുടരുന്നു. എവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ മെയ്ന്‍സിനെ വീഴ്ത്തി. മറ്റ് മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് 3-2ന് കൊളോണിനെയും വെര്‍ഡര്‍ ബ്രമന് 2-1ന് ഷാല്കെയേയും പരാജയപ്പെടുത്തി. ഹോഫെന്‍ഹെയിം- ഹെര്‍ത്ത, വോള്‍വ്സ്ബര്‍ഗ്- സ്റ്റുട്ട്ഗര്‍ട് പോരാട്ടങ്ങള്‍ 1-1നും ബയര്‍ ലെവര്കൂസന്- ഫ്രീബര്‍ഗ് മത്സരം ഗോള്‍രഹിതമായും സമനിലയില്‍ പിരിഞ്ഞു.
മോഹന്‍ ബഗാന് വിജയം
ചെന്നൈ: ഐ ലീഗ് പോരാട്ടങ്ങളില്‍ മോഹന്‍ ബഗാന് വിജയം സ്വന്തമാക്കിയപ്പോള്‍ ചെന്നൈ സിറ്റി- ഐസ്വാള്‍ പോരാട്ടം സമനില. മോഹന്‍ ബഗാന് എവേ പോരാട്ടത്തില്‍ 3-0ത്തിന് ഷില്ലോങ് ലജോങിനെ കീഴടക്കി.
ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സിറ്റി- ഐസ്വാള്‍ പോരാട്ടം 1-1നാണ് സമനിലയില്‍ പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."