ലൈഫ് മിഷന്‍: പാതിവഴിയിലായ 1553 വീടുകള്‍ പൂര്‍ത്തിയായി
കൊണ്ടോട്ടി: ലൈഫ് മിഷന്‍ വഴി സംസ്ഥാനത്ത് പാതിവഴിയിലായ വീടുകളുടെ പുനരുദ്ധാരണത്തില്‍ ഇതുവരെ പൂര്‍ത്തിയാക്കിയത് 1553 എണ്ണം. വിവിധ സര്‍ക്കാര്‍ ഫണ്ടുകളില്‍ ആനുകൂല്യം ലഭിച്ചിട്ടും വീട് നിര്‍മാണം പൂര്‍ത്തിയാക്കാത്തവര്‍ക്കാണ് ലൈഫ് മിഷനില്‍ തുക അനുവദിക്കുന്നത്. സംസ്്ഥാനത്ത് 66,670 വീടുകളുടെ പ്രവൃത്തികളാണ് ആരംഭിച്ചത്.77,756 വീടുകളുടെ അപേക്ഷകളാണ് ലഭിച്ചത്. ഇവയില്‍ 1398 വീടുകള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചത് 563 വീടുകളുടേതാണ്. 1101 വീടുകള്‍ ലിന്റല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 1003 എണ്ണം മേല്‍ക്കൂര ഘട്ടം വരെയെത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ വീടു നിര്‍മാണം പൂര്‍ത്തീകരിച്ചത്. 435 എണ്ണം പൂര്‍ത്തീകരിച്ചപ്പോള്‍ തിരുവനന്തപുരത്ത് 12 വീടുകള്‍ മാത്രമാണ് പൂര്‍ത്തീയാക്കാനായത്. വയനാട്, പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിക്കാനുള്ളത്. വയനാട്ടില്‍ 9864 വീടുകളില്‍ 173 എണ്ണവും, പാലക്കാട്ട് 9573 വീടുകളില്‍ 77 എണ്ണവുമാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാന കേന്ദ്ര ഫണ്ടുകള്‍ ലഭിച്ചിട്ടും പലകാരണങ്ങളാല്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കാണ് സര്‍ക്കാര്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് പൂര്‍ത്തീകരിച്ചു നല്‍കുന്നത്. അതിനിടെ ലൈഫ് മിഷനില്‍ ഉള്‍പ്പെട്ട സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഭവന നിര്‍മാണത്തിന് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ട് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ഇത്തരത്തില്‍ ഒരു വീടിന്റെ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് 500 രൂപ നിരക്കില്‍ നല്‍കാനാണ് നിര്‍ദേശം. നിലവില്‍ എസ്റ്റിമേറ്റ് തയാറാക്കാത്തതിനാല്‍ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വീട് നിര്‍മാണം പാതിവഴിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."