ജനസമ്പര്‍ക്കത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പരാതി നല്‍കാന്‍ അവസരമില്ല
കോട്ടയം: പൊതുജന സമ്പര്‍ക്ക പരിപാടി ജനകീയം 2017 ല്‍ റേഷന്‍കാര്‍ഡ് സംബന്ധിച്ച പരാതികള്‍ പരിഗണിക്കില്ലെന്ന് അധികൃതര്‍.ഏറ്റവും കൂടുതല്‍ പരാതികള്‍ റേഷന്‍ കാര്‍ഡ് മാറ്റുന്നത് സംബന്ധിച്ചാണ് വരുന്നതെന്നിരിക്കെയാണ് ഇത്തരത്തിലൊരു തീരുമാനമുണ്ടായിരിക്കുന്നത്.
എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനായി അര്‍ഹതപ്പെട്ടവര്‍ പലപ്പോഴും ഓഫീസുകള്‍കയറിയിറങ്ങി നടക്കുമ്പോള്‍ ജനസമ്പര്‍ക്ക പരിപാടികളാണ് പരാതിക്കാരുടെ ആശ്രയം. എന്നാല്‍ ഇപ്പോള്‍ ഇവിടെയും തടസമുണ്ടാക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ളത്.
അതേ സമയം, എ.പി.എല്‍ ബി.പി.എല്‍ മാറ്റത്തിനുളള അപേക്ഷയുടെ തീര്‍പ്പിന് ഇതിനകം തന്നെ നടപടി സ്വീകരിച്ചു വരുന്ന സാഹചര്യത്തിലാണ് ജനസമ്പര്‍ക്കത്തില്‍ നിന്ന് റേഷന്‍ കാര്‍ഡ് പരാതികള്‍ മാറ്റിയതെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്.നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്കുളള അപേക്ഷകള്‍ ഇന്ന് മുതല്‍ ജില്ലാ കലക്‌ട്രേറ്റ്, റവന്യൂ ഡിവിഷന്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ ഈ മാസം 25 വരെ സ്വീകരിക്കും.
റവന്യൂ ഡിവിഷന്‍ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഏപ്രില്‍ മാസത്തില്‍ പാലായിലും കോട്ടയത്തുമായാണ് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്.വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള അപേക്ഷകളും പരാതികളുമാണ് പരിപാടിയില്‍ പരിഗണിക്കുക. ഏപ്രില്‍ ആറിന് പാലായിലും 11 ന് കോട്ടയത്തും പരിപാടി നടത്താനാണ് നിശ്ചയിച്ചിട്ടുളളത്. ഫെബ്രുവരി 25 വരെ ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് അയച്ച് മാര്‍ച്ച് 31നകം പരാതിയില്‍ തീര്‍പ്പുകല്‍പിച്ച് അപേക്ഷകരെ വിവരം അറിയിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്.
അപേക്ഷകളിന്‍മേലുളള തീര്‍പ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുളള അപ്പീലുകളും നിശ്ചിത സമയത്തിനകം തീര്‍പ്പാക്കാത്ത അപേക്ഷകളുമാണ് റവന്യൂ ഡിവിഷന്‍ തലത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന ജനസമ്പര്‍ക്കപരിപാടിയുടെ പരിഗണനക്ക് വരിക. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുളള ഏകോപനത്തിനായി കലക്‌ട്രേറ്റ്, റവന്യൂ ഡിവിഷന്‍, താലൂക്ക്തലങ്ങളില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള ധനസഹായത്തിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. എന്നാല്‍ ഇതിനായി താലൂക്ക് ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് അവിടെനിന്ന് അപേക്ഷ ഓണ്‍ലൈനായി അയക്കാന്‍ സൗകര്യമൊരുക്കണമെന്ന് തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."