കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന അവസ്ഥ കേരളത്തിലില്ല
തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തിലുള്ള ഭയാനകമായ അവസ്ഥ കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന മാഫിയാസംഘം പ്രവര്‍ത്തിക്കുന്നതായി അന്വേഷണങ്ങളില്‍ തെളിഞ്ഞിട്ടില്ലെന്നും എം.കെ മുനീറിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ പൂച്ചാക്കല്‍ പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിട്ടുണ്ട്. പ്രതിയായ ആന്ധ്രാ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോഴിക്കോട് കക്കോടി, ചെലപ്പുറത്ത് ഉണ്ടായത് കുട്ടിയുടെ കഴുത്തില്‍നിന്ന് മാല തട്ടിയെടുക്കാനുള്ള ശ്രമമായിരുന്നു. ആ സംഭവങ്ങളിലും പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ വര്‍ഷം 1774 കുട്ടികളെ കാണാതായിരുന്നു. ഇവരില്‍ 1725 പേരെ അന്വേഷണത്തിലൂടെ കണ്ടെത്തി. ഇനി 49 കുട്ടികളെ കണ്ടെത്താനുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതുമായി ബന്ധപ്പെട്ട് 2017ല്‍ പിടിയിലായ 199 പേരില്‍ 188 പേരും കേരളീയരാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയുന്നതിന് ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് സെല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കാണാതാവുന്ന കുട്ടികളെ ദ്രുതഗതിയില്‍ കണ്ടെത്തുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി കര്‍മപദ്ധതികളും നടപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."