ഭൂമിവിവാദം കൊല്ലത്തും; ലത്തീന്‍ സഭാവിശ്വാസികള്‍ യോഗം ചേര്‍ന്നു
കൊല്ലം: തൃശൂരിന് പിന്നാലെ ലത്തീന്‍ കത്തോലിക്ക കൊല്ലം രൂപതയിലും ഭൂമിവിവാദം കൊഴുക്കുന്നു. രൂപതയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഭാവിശ്വാസികള്‍ കൊല്ലത്ത് ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ലത്തീന്‍ സഭയുടെ വസ്തുവകകള്‍ വില്‍പന നടത്തിയതിനു പിന്നില്‍ ക്രമക്കേടുണ്ടെന്ന് യോഗം ആരോപിച്ചു.
പൗരോഹിത്യത്തിനു ചേരാത്ത ജീവിതചര്യ, സഭയുടെ സ്വത്ത് സംരക്ഷിക്കുന്നതിലെ വീഴ്ച, സഭയുടെ ഉടമസ്ഥതയിലെ ഭൂമി വില്‍പനയിലെ വെട്ടിപ്പ് തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങള്‍. കൊല്ലം തങ്കശേരിയില്‍ സഭ എട്ടുകോടി രൂപയ്ക്ക് ഭൂമി വിറ്റിട്ടും ഒരു കോടി രൂപയ്ക്കാണ് വില്‍പന നടന്നുവെന്ന് രേഖകള്‍ ചമച്ചുവെന്നും ആദിച്ചനല്ലൂരിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരേയുള്ള കേസ് പൂഴ്ത്തി വച്ചിരിക്കുകയാണെന്നും ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.
രൂപതയുടെ വിവിധ ഇടവകകളിലെ ഭരണവും കണക്കും സുതാര്യമാക്കണമെന്നും ജനാധിപത്യപരമായ രീതിയില്‍ കമ്മിറ്റി രൂപീകരിച്ച് സ്വത്തുവകകള്‍ കൈകാര്യം ചെയ്യാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും 2009ല്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ ചെയര്‍മാനായുള്ള നിയമപരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച കേരള ക്രൈസ്തവ സ്വത്തുക്കളും സ്ഥാപനങ്ങളും സംബന്ധിച്ച ട്രസ്റ്റ് നിയമം ഉടന്‍ അംഗീകരിച്ച് സര്‍ക്കാര്‍ നിയമ വിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."