കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താക്കീതായി യു.ഡി.എഫ് പ്രതിഷേധക്കോട്ട
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മുതല്‍ കൊല്ലം കലക്ടറേറ്റ് വരെ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധക്കോട്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു ശക്തമായ താക്കീതായി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയില്‍ ശേഖരിച്ച 1.08 കോടി ഒപ്പുകള്‍ ബാനറില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് 70 കിലോമീറ്റര്‍ ദൂരത്തില്‍ തീര്‍ത്ത മനുഷ്യക്കോട്ട ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി.
ദേശീയപാതയുടെ ഇടതുവശത്താണ് ബാനറുകള്‍ പ്രദര്‍ശിപ്പിച്ചത്. വൈകിട്ട് നാലോടെ നിശ്ചിത സ്ഥലങ്ങളിലെത്തിയ പ്രവര്‍ത്തകര്‍ കൃത്യം അഞ്ചുമുതല്‍ മൂന്നുമിനുട്ട് സമയമാണ് ബാനര്‍ പ്രദര്‍ശിപ്പിച്ചത്. ഈ മൂന്നു മിനുട്ട് ഒഴികെയുള്ള സമത്ത് ഗതാഗത സ്തംഭനം ഉണ്ടാവാതിരിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ.എം.കെ മുനീര്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, വി.എം സുധീരന്‍, ആര്‍.എസ്.പി നേതാവ് എ.എ അസീസ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് അനൂപ് ജേക്കബ്, കെ. മുരളീധരന്‍, മുസ്‌ലിംലീഗ് നിയമസഭാ കക്ഷി ഉപനേതാവ് വി.കെ ഇബ്രാഹിംകുഞ്ഞ്, സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക് നേതാവ് റാം മോഹന്‍, വി.ഡി സതീശന്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പരിപാടിയുടെ ഭാഗമായി രണ്ടു ജില്ലകളില്‍ 11 കേന്ദ്രങ്ങളിലായി പൊതുസമ്മേളനങ്ങളും നടന്നു. തിരുവനന്തപുരം പാളയത്തു നടന്ന പൊതുസമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രതിനിധി അംഗീകാരപത്രം നേതാക്കള്‍ക്കു കൈമാറി. നേരത്തെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോക്കാര്‍ഡ്‌സിലേക്ക് പരിപാടി പരിഗണിച്ചെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധ ചടങ്ങുകള്‍ പരിഗണിക്കാന്‍ അവരുടെ നടപടിക്രമം അനുവദിക്കാത്തതിനാല്‍ ഒഴിവാക്കപ്പടുകയായിരുന്നു. എന്നാല്‍ ലിംക റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്ക് പ്രതിഷേധ പരിപാടി പരിഗണിക്കുന്നതായി ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."