ഹജ്ജ് സര്‍വിസ് നിഷേധം: കരിപ്പൂരിന്റെ വികസനത്തിന് തിരിച്ചടിയാകും
കണ്ണൂരില്‍ വിമാന സര്‍വിസിന് അനുമതി ലഭിക്കുകകൂടി ചെയ്യുന്നതോടെ കരിപ്പൂരിന്റെ വികസനത്തിനു കനത്ത തിരിച്ചടിയാകും
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്നു ഹജ്ജ് സര്‍വിസിന് അനുമതി നല്‍കാത്തതു വിമാനത്താവളത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകും. വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം നീക്കുന്നതുവരെ ഹജ്ജ് സര്‍വിസിന് അനുമതി നല്‍കേണ്ടതില്ലെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമരത്തിനൊരുങ്ങുകയാണ്. കേന്ദ്ര വ്യോമയാന മന്ത്രിയെ അടക്കം വീണ്ടും കാണാനുള്ള ശ്രമത്തിലുമാണ്. ഹജ്ജ് തീര്‍ഥാടനത്തിനായി പ്രത്യേക അനുമതി നല്‍കാനാകില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കരിപ്പൂരില്‍ ഭൂമിയേറ്റെടുക്കുന്നതടക്കം പുതിയ നിലപാടുകള്‍ക്കു തിരിച്ചടിയാകും. റണ്‍വേയ്ക്കു ഭൂമിയേറ്റെടുത്താല്‍തന്നെ ഇവയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും വര്‍ഷങ്ങളെടുക്കും. ഇതുവരെ ഹജ്ജ് സര്‍വിസും ഇല്ലാതാകുന്നതു വിമാനത്താവളത്തെ ബാധിക്കും. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രധാന ലക്ഷ്യങ്ങളൊന്ന് ഹജ്ജ് സര്‍വിസ് തന്നെയായിരുന്നു. നേരത്തേയും സ്ഥലമേറ്റെടുപ്പിനു പ്രതിഷേധമുയര്‍ന്നപ്പോള്‍ ഹജ്ജ് സര്‍വിസിന് ഇടമൊരുക്കണമെന്ന് സി.എച്ച് മുഹമ്മദ് കോയ അടക്കമുളളവരുടെ പ്രസംഗമാണ് പ്രതിഷേധത്തെ തണുപ്പിച്ചത്.
പിന്നീട് 2002ല്‍ ഇ. അഹമ്മദ് എം.പിയടക്കമുള്ളവരുടെ ഇടപെടല്‍മൂലം ഹജ്ജ് സര്‍വിസ് യാഥാര്‍ഥ്യമായി. മലബാറില്‍നിന്നാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിലും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കു കീഴിലും ഹജ്ജിനു കൂടുതല്‍ പേര്‍ യാത്രയാകുന്നത്. ഹജ്ജ് സീസണല്ലാത്ത സമയങ്ങളില്‍ ഉംറ തീര്‍ഥാടകരുടെ തിരക്കുമുണ്ട്.
ഹജ്ജ് കമ്മറ്റിക്ക് വേണ്ടിയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കു വേണ്ടിയും പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളാണ് കരിപ്പൂരിലെത്തുന്നത്. ഇവയടക്കം ഇല്ലാതായാതാകുകയാണ്. കണ്ണൂരില്‍ വിമാന സര്‍വിസിന് അനുമതി ലഭിക്കുകകൂടിയാകുന്നതോടെ കരിപ്പൂരിന്റെ വികസനത്തിനു കനത്ത തിരിച്ചടിയാകും. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുപ്പിനു മുതിര്‍ന്നാല്‍ നിലവിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി നാട്ടുകാരുടെ പ്രതിഷേധം ശക്തമാവും.
ഇന്ത്യയില്‍ മറ്റു വിമാനത്താവളങ്ങള്‍ക്കു നല്‍കുന്ന പരിഗണന കരിപ്പൂരിനു നല്‍കാത്തതിലാണ് നിലവില്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. റണ്‍വേ പ്രാപ്തമാണെങ്കിലും ക്രിട്ടിക്കല്‍ വിമാനത്താവളങ്ങളുടെ ലിസ്റ്റിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആയതിനാല്‍ ഇടത്തരം വിമാനങ്ങള്‍ക്കും സര്‍വിസിന് അനുമതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം. കരിപ്പൂരില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയായി മാര്‍ച്ച് ഒന്നു മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കാനിരിക്കെയാണ് ഹജ്ജ് സര്‍വിസ് അനുമതി നിഷേധിച്ചത്.
കേരളത്തിലെ ഹജ്ജ് സര്‍വിസിന് അനുവദിക്കപ്പെട്ട വിമാനം ദിനേന മൂന്ന് സര്‍വിസ് നടത്തുന്നത് ടെന്‍ഡര്‍ ഏറ്റെടുക്കുന്ന വിമാനക്കമ്പനികള്‍ക്കും വെല്ലുവിളിയാണ്. എയര്‍ഇന്ത്യയും സഊദി എയര്‍ലെന്‍സുമാണ് കേരളത്തില്‍നിന്ന് സര്‍വിസിന് ശ്രമിക്കുന്നത്. വാടകയ്‌ക്കെടുക്കുന്ന വിമാനങ്ങള്‍ തുടര്‍ച്ചയായി സര്‍വിസ് നടത്തുന്നതും വിമാനക്കമ്പനികള്‍ക്കു പ്രയാസമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നിശ്ചിത വിമാനം ലഭിക്കാത്തതിനാല്‍ സഊദിക്ക് ഇടത്തരം വിമാനങ്ങള്‍ ഒന്നിലധികം ഉപയോഗിക്കേണ്ട ഗതികേടുമുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."