ഉമ്മാക്കി കണ്ടു പേടിക്കില്ല, കവിത പിന്‍വലിച്ചു മാപ്പു പറയുകയുമില്ല- കുരീപ്പുഴയെ പിന്തുണച്ച് അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം: ആര്‍.എസ്.എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല കവി കുരീപ്പുഴ ശ്രീകുമാറെന്ന് രാഷ്ട്രീയനിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. പവിത്രന്‍ തീക്കുനിയെ പോലെ കവിത പിന്‍വലിച്ച് മാപ്പു പറയുക എന്നതും കുരീപ്പുഴയുടെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി. അവാര്‍ഡുകളും അക്കാദമി അംഗത്വവും വിദേശ യാത്രകളും മോഹിച്ചു കമ്പോളനിലവാരം നോക്കി സാഹിത്യരചന നടത്തുന്നയാളുമല്ലെന്നും കുരീപ്പുഴയെ പിന്തുണക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. കുരീപ്പുഴക്കു നേരെയുണ്ടായ ആര്‍.എസ്.എസ്. ആക്രമണത്തിലാണ് ജയശങ്കറിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണരൂപം
വെറുമൊരു കവിയോ സാംസ്‌കാരിക നായകനോ അല്ല, കുരീപ്പുഴ ശ്രീകുമാര്‍. അവാര്‍ഡുകളും അക്കാദമി അംഗത്വവും വിദേശ യാത്രകളും മോഹിച്ചു കമ്പോളനിലവാരം നോക്കി സാഹിത്യരചന നടത്തുന്നയാളുമല്ല.
അന്ധവിശ്വാസത്തെയും അനാചാരങ്ങളെയും ജാതിവ്യവസ്ഥയെയും മതാന്ധതയെയും തീവ്രവാദത്തെയും എതിര്‍ക്കുന്ന, ഒരു മതത്തിലും വിശ്വസിക്കാത്ത, ഒരു ദൈവത്തെയും ആരാധിക്കാത്ത തനി നാസ്തികന്‍; കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ചായ്‌വുണ്ടെങ്കിലും ഒരു പാര്‍ട്ടിയിലും അംഗമല്ലാത്ത സ്വതന്ത്രചിന്തകന്‍.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, യഹൂദ, ബൗദ്ധ വര്‍ഗീയതകളെ ഒരുപോലെ എതിര്‍ക്കുന്നയാളാണ് ശ്രീകുമാര്‍. ഒരു ചട്ടക്കൂടിലും ഒതുങ്ങുകയില്ല, ഒരു തൊപ്പിയും പാകമാകില്ല.
ആരെയും വകവെക്കില്ല. പ്രലോഭനത്തിനോ സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ വഴങ്ങില്ല. ധിക്കാരത്തിന്റെ കാതലാണ് കുരീപ്പുഴ ശ്രീകുമാര്‍.
വടയമ്പാടി ദലിത് ഭൂസമരത്തെ പിന്തുണച്ച് കോട്ടുക്കലില്‍ ശ്രീകുമാര്‍ നടത്തിയ പ്രസംഗം, ആര്‍എസ്എസുകാരെ കോപാകുലരാക്കി. അവര്‍ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി ദേഹോപദ്രവത്തിനു മുതിര്‍ന്നു.
ആര്‍എസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല, കുരീപ്പുഴ ശ്രീകുമാര്‍. പവിത്രന്‍ തീക്കുനിയെ പോലെ കവിത പിന്‍വലിച്ചു മാപ്പു പറയുകയുമില്ല.
ദരിദ്രരുടെയും ദലിതരുടെയും പക്ഷത്തു നില്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും മടിക്കുമ്പോഴും അവര്‍ക്കു വേണ്ടി തുടര്‍ന്നും ശബ്ദമുയര്‍ത്തും.
#അസഹിഷ്ണുതയ്‌ക്കെതിരെ, കുരീപ്പുഴയ്‌ക്കൊപ്പം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."