റോഡ് സുരക്ഷ: ജില്ലയില്‍ അഞ്ചര കോടിയുടെ പദ്ധതി
കാസര്‍കോട്: ജില്ലയില്‍ റോഡ് സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ 5.50 കോടി രൂപയുടെ നിര്‍ദേശം റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം റോഡ് സേഫ്റ്റി കമ്മിഷണര്‍ക്ക് സമര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍, ഓട്ടോമാറ്റിക് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റം, സോളാര്‍ പവേഴ്‌സ് പെഡസ്ട്രിയല്‍ സിസ്റ്റം എന്നിവ സ്ഥാപിക്കാന്‍ 5,50,96,779 രൂപ ആവശ്യമാണെന്ന കെല്‍ട്രോണിന്റെ നിര്‍ദേശമാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
യോഗത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെ നടപ്പാത കൈയേറ്റങ്ങളും അനധികൃത പരസ്യങ്ങളും ഒരാഴ്ചയ്ക്കകം നീക്കം ചെയ്യാന്‍ മുനിസിപ്പല്‍ അധികൃതരെ ചുമതലപ്പെടുത്തി. പരസ്യങ്ങളില്‍ അംഗീകാരമുളളതാണെന്നറിയാനുളള മുദ്ര നഗരസഭ പതിപ്പിക്കണം. ജില്ലയില്‍ പുതുതായി ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കും. റോഡ് സേഫ്റ്റി ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വരുന്ന ഒരു മാസക്കാലം മോട്ടോര്‍വാഹന വകുപ്പും പൊലിസും കര്‍ശന പരിശോധനയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തും.
റോഡു സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഡ്രൈവിംഗിനു ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുളള ശിക്ഷാനടപടികള്‍ സ്വീകരിക്കും. ചൗക്കി-ഉളിയത്തടുക്ക ബൈപാസ് റോഡിന്റെ നിര്‍ദേശം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോടും നാഷണല്‍ ഹൈവെ അധികൃതരോടും ആവശ്യപ്പെട്ടു. കാസര്‍കോട് നഗരസഭ പ്രസ് ക്ലബ് ജംങ്ഷനിലെ സിഗ്നല്‍ ലൈറ്റിലുളള പരസ്യങ്ങള്‍ നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനമായി. ചന്ദ്രഗിരി ജങ്ഷന്‍ ഫ്രീ ലെഫ്റ്റ് നിയന്ത്രിക്കാന്‍ കാസര്‍കോട് ട്രാഫിക് എസ്.ഐയ്ക്ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, ആര്‍.ടി.ഒ കെ ബാലകൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.വി രാജീവന്‍, വിദ്യാനഗര്‍ എസ്.ഐ ബാബു പെരിങ്ങോത്ത്, ട്രാഫിക് എസ്.ഐ ടി ദാമോദരന്‍, പൊതുമരാമത്ത് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍മാരായ പി പ്രകാശന്‍, പി.കെ ആരതി, നഗരസഭാ സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."