'തൊഴുത്തിനുള്ളില്‍ തളര്‍ത്തരുത് ഈ അമ്മയെയും മക്കളെയും'
ചെറുവത്തൂര്‍: നെഞ്ചിലെ നെരിപ്പോട് ആളിക്കത്തിച്ചു താങ്ങും തണലുമായ കുടുംബനാഥന്‍ യാത്രയായപ്പോള്‍ അടച്ചുറപ്പില്ലാത്ത തൊഴുത്തിനുള്ളില്‍ തളര്‍ന്ന് ഒരമ്മയും രണ്ടു പെണ്‍മക്കളും. കഴിഞ്ഞ ദിവസം കയ്യൂര്‍ ചീമേനി പഞ്ചായത്തോഫിസില്‍ കുഴഞ്ഞു വീണു മരിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ ചീമേനി കിഴക്കേക്കരയിലെ കമലാക്ഷന്റെ കുടുംബമാണ് ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നത്. പശുവിനായി പണിത തൊഴുത്തിലായിരുന്നു ഈ കുടുംബവും കഴിഞ്ഞിരുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷമഴയേറ്റ കമലാക്ഷന്റെ കൈകാലുകള്‍ക്കു ശേഷി കുറവായിരുന്നു. എങ്കിലും വീടിനായി അദ്ദേഹം ഓഫിസുകള്‍ കയറിയിറങ്ങി. വീടിനുള്ള അപേക്ഷയുടെ വിവരമറിയാനെത്തിയപ്പോഴാണ് ഇയാള്‍ പഞ്ചായത്ത് ഓഫിസില്‍ കുഴഞ്ഞു വീണത്. തൊഴുത്തിനായി പണിത വൈദ്യുതിയില്ലാത്ത ഒറ്റമുറിയിലാണു പഠനവും കിടപ്പും അടുക്കളയുമെല്ലാം. വാതിലിനു പകരം തുണി വലിച്ചുകെട്ടിയിരിക്കുകയാണ്. പ്ലാസ്റ്റിക് ഷീറ്റും തുണിയും കെട്ടിയാണ് വീട്ടു സാധനങ്ങള്‍ സൂക്ഷിക്കുന്നത്. വീടിനു അടച്ചുറപ്പില്ലാത്തതിനാല്‍ സമീപത്തെ തറവാടു വീട്ടിലാണ് അടുത്തകാലത്തായി പെണ്‍കുട്ടികള്‍ അന്തിയുറങ്ങുന്നത്.
ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം തരത്തിലും പ്ലസ്‌വണ്ണിലുമാണ് കമലാക്ഷന്റെ രണ്ടു പെണ്‍മക്കളും പഠിക്കുന്നത്. ഭാര്യ ബീന കൂലി പണിക്കു പോയാണ് കുടുംബം പോറ്റുന്നത്. രണ്ടു വര്‍ഷം മുമ്പ് ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം വീട് ലഭിക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പഴയ വീട് പൊളിച്ച് അവിടെ പുതിയ വീടിന് തറ നിര്‍മിച്ചു. എന്നാല്‍ പുതുതായി വന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ പഴയ ലിസ്റ്റിലുള്ളവര്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതിനാല്‍ ധനസഹായം ലഭിക്കുന്ന കാര്യത്തില്‍ വ്യക്തതയുണ്ടായില്ല. കമലാക്ഷന്റെ വേര്‍പാടോടെ ഭാര്യ ബീനയും രണ്ടു പെണ്‍മക്കളും തനിച്ചായി. അധികൃതര്‍ വീട് അനുവദിക്കുകയാണെങ്കില്‍ ഇവര്‍ക്ക് അന്തിയുറങ്ങാം, അടച്ചുറപ്പുള്ള കൂരക്കു കീഴില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."