കരിപ്പൂരില്‍ റിസ നിര്‍മാണം ജൂണ്‍ 15ന് പൂര്‍ത്തിയാക്കും: എയര്‍പോര്‍ട്ട് ഡയറക്ടര്‍
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ)നിര്‍മാണം ജൂണ്‍ 15ന് പൂര്‍ത്തിയാക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി.രാധാകൃഷ്ണ പറഞ്ഞു. കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2860 മീറ്റര്‍ നീളമുള്ള നിലവിലെ റണ്‍വേയുടെ സ്ഥലം കൂടി ഉള്‍പ്പെടുത്തിയാണ് റിസ ഏരിയ വികസിപ്പിക്കുന്നത്.
ഇതു മൂലം റണ്‍വേ 160 മീറ്റര്‍ ചുരുങ്ങി 2700 ആകും. വിമാന സര്‍വിസുകളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് റിസ വര്‍ധിപ്പിക്കുന്നത്. വലിയ വിമാന സര്‍വിസുകള്‍ക്കും ഹജ്ജ് സര്വിസിനുമടക്കമുള്ള അനുമതി ഡി.ജി.സി.എയാണ് നല്‍കേണ്ടത്.
അതോറിറ്റി ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 120 കോടി ചെലവില്‍ നിര്‍മിക്കുന്ന ടെര്‍മിനല്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 80 ശതമാനത്തിലേറെ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിര്‍മാണം പൂര്ത്തിയായല് അറൈവല്‍ ഭാഗം പൂര്‍ണമായും പുതിയ ടെര്‍മിനലിലേക്ക് മാറ്റും. നിലവിലുള്ളത് ഡൊമസ്റ്റിക് ടെര്‍മിനലായും പ്രയോജനപ്പെടുത്തും. ഈ ടെര്‍മിനല്‍ നവീകരണം രണ്ട് കോടി ചെലവില്‍ പൂര്‍ത്തീകരിച്ചു വരികയാണ്.
എയര്‍പോര്‍ട്ട് അതോറിറ്റി കൊണ്ടോട്ടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് അനുവദിച്ച അര്‍ബുദ നിര്‍ണയ-വയോജന പരിചരണ കേന്ദ്രം വെള്ളിയാഴ്ച കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."