പ്രധാനമന്ത്രിയുടെ പ്രസംഗം ഭരണപക്ഷം തന്നെ തടസപ്പെടുത്തി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഭരണപക്ഷ അംഗങ്ങള്‍ തന്നെ തടസപ്പെടുത്തി. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടും ബജറ്റില്‍ സംസ്ഥാനത്തെ തഴഞ്ഞുവെന്ന് ആരോപിച്ചും തെലുഗു ദേശം പാര്‍ട്ടിയാണ് (ടി.ഡി.പി) മോദിയുടെ പ്രസംഗം തടസപ്പെടുത്തിയത്.
രാജ്യത്തെ വിഭജിക്കാന്‍ കൂട്ടുനിന്നവരാണ് കോണ്‍ഗ്രസ് എന്ന മോദിയുടെ ആരോപണവും അദ്ദേഹത്തിനു തിരിച്ചടിയായി.
ആന്ധ്രാപ്രദേശിനെ വിഭജിച്ചതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നുള്ള മോദിയുടെ പരാമര്‍ശമാണ് ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചത്. ഇരുപാര്‍ട്ടികളും പ്രതിഷേധിച്ചതോടെ മോദിയുടെ പ്രസംഗം പലപ്പോഴും ബഹളത്തില്‍ മുങ്ങി.
ആന്ധ്രയുടെ നീതിക്കായുള്ള പോരാട്ടത്തെ പിന്തുണയ്ക്കുക എന്ന പ്ലക്കാര്‍ഡുമായി രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച ടി.ഡി.പി അംഗം രാമചന്ദ്ര റാവുവിനെ ഒരു ദിവസത്തേക്ക് സഭാ അധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തില്‍ മോദി രാഷ്ട്രീയം കലര്‍ത്തുകയാണെന്നാരോപിച്ച് രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
ഒരുറാങ്ക് ഒരുപെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് എന്‍.ഡി.എ സര്‍ക്കാരാണെന്ന മോദിയുടെ അവകാശത്തെ രാജ്യസഭയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി തിരുത്തി. യു.പി.എ സര്‍ക്കാരിന്റെ കാലത്താണു ഇതു നടപ്പാക്കിയതെന്നും പ്രധാനമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും ആന്റണി വ്യക്തമാക്കി. അതേസമയം, രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."