സി സോണിന് ഇന്ന് തിരശ്ശീല
മഞ്ചേരി: എന്‍.എസ്.എസ് കോളജില്‍ നടക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സി സോണ്‍ കലോത്സവത്തിന് ഇന്നു കൊടിയിറങ്ങും. ഇതുവരെ നടന്ന മത്സരങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 78 പോയിന്റുമായി മമ്പാട് എം.ഇ.എസ് കോളജാണ് മുന്നില്‍. 72 പോയിന്റോടെ മഞ്ചേരി എന്‍.എസ്.എസ് കോളജ് രണ്ടാം സ്ഥാനത്തും 52 പോയിന്റോടെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് മൂന്നാം സ്ഥാനത്തുമാണ്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിനെ നാലാം സ്ഥാനത്തേക്കു പിന്തള്ളിയാണ് പി.എസ്.എം.ഒ കോളജ് ഇന്നലെ മൂന്നാം സ്ഥാനത്തേക്കു കയറിയത്.
പതിവിനു വിപരീതമായി ഇന്നലെ കലോത്സവ നഗരിയില്‍ ആസ്വാദകരുടെ തള്ളിക്കയറ്റമായിരുന്നു. ജില്ലയുടെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കു പുറമേ രക്ഷിതാക്കളും നഗരിയിലേക്ക് ഒഴുകിയെത്തി. മാര്‍ഗംകളി, പൂരക്കളി, പരിചമുട്ടുകളി, സ്‌കിറ്റ്, ഇംഗ്ലീഷ് നാടകം, മൈം, മലയാള നാടകം, ഗ്രൂപ്പ് സോങ് (ഇന്ത്യന്‍), ദേശഭക്തിഗാനം, ഗാനമേള, നാടോടി സംഗീതം (ഗ്രൂപ്പ്), കാവ്യകേളി, അക്ഷരശ്ലോകം, കവിതാ പാരായണം തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ അരങ്ങേറിയത്.
മോണോആക്ടിന് കാണികള്‍ വന്നു; പുതുമ വന്നില്ല!
മഞ്ചേരി: മോണോആക്ടില്‍ വിഷയ ദാരിദ്ര്യവും ആവര്‍ത്തന വിരസതയും. തൊണ്ണൂറു ശതമാനം പേരും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് പ്രമേയമാക്കിയത്. കറുത്തമ്മ മുതല്‍ ഫൂലന്‍ദേവിവരെ വിഷയമായെങ്കിലും ശബ്ദവിന്യാസത്തിലെ തകരാറുകളും മത്സരത്തിന്റെ നിലവാരം കുറച്ചു.
ഗോവിന്ദച്ചാമിയുടെ പീഡനം, ഇറാനിയന്‍ സ്വദേശിനി റെയ്ഹാനയുടെ ജീവിതകഥ, കുഞ്ചന്‍ നമ്പ്യാര്‍, കോന്നി പെണ്‍കുട്ടികള്‍, കര്‍ഷക ആത്മഹത്യ, ആദിവാസി അമ്മമാരുടെ ദുരിതം, രാമായണത്തിലെ ഊര്‍മിള എന്നിവയെല്ലാം പ്രമേയമായി. കാണികളുടെ ബാഹുല്യമായിരുന്നു മോണോആക്ട് മത്സരത്തിന്റെ വലിയ സവിശേഷത. എന്നാല്‍, കേട്ടുപഴകിയ പ്രമേയങ്ങള്‍ പുതുമയില്ലാതെ അവതരിപ്പിച്ചതോടെ പലരും സദസ് വിട്ടു. മത്സരത്തില്‍ ഫാറൂഖ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ചങ്കുവെട്ടിയിലെ പി. അഞ്ജു ഒന്നാം സ്ഥാനം നേടി. ഓട്ടന്‍ തുള്ളലിലും അഞ്ജു തന്നെയാണ് ഒന്നാമതെത്തിയത്.
മൂകാഭിനയത്തില്‍ 'പശു രാഷ്ട്രീയം'
41 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഒന്നാം സ്ഥാനത്തെത്തി
മഞ്ചേരി: വാചാലതയേക്കാള്‍ തീവ്രമാണ് മൗനമെന്നു തെളിയിക്കുന്നതായി മൂകാഭിനയം. നിശബ്ദമായ സദസിനെ പിടിച്ചിരുത്തി മണിക്കൂറുകള്‍ വേദിയില്‍ വിവിധ വിഷയങ്ങള്‍ മിന്നിമറഞ്ഞു. പിന്നണിയിലെ ക്രമാതീതമായ ശബ്ദത്തിനൊപ്പം വിദ്യാര്‍ഥികള്‍ ചടുലമായ അഭിനയംകൂടി കാഴ്ചവച്ചതോടെ മത്സരം മികച്ച നിലവാരം പുലര്‍ത്തി.
പശുവിന്റെ പേരില്‍ ഫാസിസ്റ്റുകള്‍ അഴിഞ്ഞാട്ടം തുടരുന്നതും തിയറ്ററിലെ ദേശീയഗാന വിവാദവും രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയും പുതുമയോടെ അരങ്ങിലെത്തി. എപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്ന തെരുവുനായ ശല്യവും സ്ത്രീ പീഡനങ്ങളും മൊബൈല്‍ ഇന്റര്‍നെറ്റ് ചതിക്കുഴികളും സൈനികന്റെ ജീവിതവും രംഗത്തെത്തിയിരുന്നു. 41 ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് ഒന്നാം സ്ഥാനത്തെത്തി.
പരിചമുട്ടില്‍പി.എസ്.എം.ഒയുടെമേല്‍ക്കോയ്മ
മഞ്ചേരി: പരിചമുട്ട് കളിയിലെ മേല്‍ക്കോയ്മ കൈവിടാതെ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്. കഴിഞ്ഞ വര്‍ഷവും സി സോണ്‍ കലോത്സവത്തില്‍ ഒന്നാമതെത്തിയ ടീം തന്നെയാണ് ഇത്തവണയും അരങ്ങിലെത്തി വിജയം നേടിയത്.
എട്ടു ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മുന്‍ഷാദ്, റശീഖ് തിരൂര്‍ എന്നിവരാണ് ടീമിന്റെ പരിശീലകര്‍.
ക്ലാസിക്കല്‍ സംഗീതത്തില്‍ ഹര്‍ഷ
മഞ്ചേരി: ക്ലാസിക്കല്‍ സംഗീതം മികച്ച നിലവാരം പുലര്‍ത്തി. മത്സരത്തില്‍ മഞ്ചേരി കെ.എ.എച്ച്.എം യൂനിറ്റി വിമന്‍സ് കോളജ് വിദ്യാര്‍ഥി കെ.എച്ച് ഹര്‍ഷ ഒന്നാമതെത്തി. സെമി ക്ലാസിക്കല്‍ സംഗീതത്തില്‍ രണ്ടാം സ്ഥാനവും ഹര്‍ഷയ്ക്കായിരുന്നു.
സ്‌കൂള്‍ യുവജനോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ നിരവധി തവണ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടിയ ഹര്‍ഷ എളയൂര്‍ തമ്പുരു വീട്ടില്‍ കെ.ടി ഹരിയുടെയും രജനിയുടെയും മകളാണ്.
ജയേഷ് പൂക്കൊളത്തൂരാണ് പരിശീലകന്‍.
ഇന്ന് മാപ്പിപ്പാട്ട് സിംഗിള്‍, മാപ്പിളപ്പാട്ട് ഗ്രൂപ്പ്, ലൈറ്റ് മ്യൂസിക് ഇനങ്ങളിലും പങ്കെടുക്കുന്നുണ്ട്.
മത്സരവിജയികള്‍
സി സോണ്‍ കലോത്സവത്തില്‍ വിവിധ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍
കവിതാ പാരായണം: ഷഹനാസ് (ഇ.എം.ഇ.എ ട്രെയിനിങ് കോളജ് കൊണ്ടോട്ടി), ക്ലാസിക്കല്‍ ഡാന്‍സ്: കെ.പി നയന (മഞ്ചേരി എന്‍.എസ്.എസ് കോളജ്), ക്ലാസിക്കല്‍ സംഗീതം (പെണ്‍) ഹര്‍ഷ (മഞ്ചേരി യൂനിറ്റി വിമന്‍സ് കോളജ്), പുരുഷ വിഭാഗം നാടോടി നൃത്തം (ഗ്രൂപ്പ്): വി.എസ് ജിത്തുവും സംഘവും (എം.ഇ.എസ് മമ്പാട് കോളജ്), ക്ലാസിക്കല്‍ മ്യൂസിക്: വിനീത് നാരായണന്‍ (കോഹിനൂര്‍ ഇന്‍സ്റ്റിറ്റിയ്യൂട്ട് ഓഫ് എന്‍ജിനിയറിങ്), മോണോ ആക്ട്: പി. അഞ്ജു (കോട്ടക്കല്‍ ഫാറൂഖ് ആര്‍ടസ് ആന്‍ഡ് സയന്‍സ് കോളജ്), ചെറുകഥാ രചന (ഹിന്ദി): കെ.കെ ശൈമ ശുക്കൂര്‍ (തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ്), പ്രബന്ധ രചന (ഹിന്ദി): പി. അഖിന (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ്), നാടോടി നൃത്തം (ഗ്രൂപ്പ്): ഭാവന ഉണ്ണിയും സംഘവും (മഞ്ചേരി എന്‍.എസ്.എസ് കോളജ്), ഹിന്ദി നാടകം: (പി.വി മെബിനും സംഘവും (നിലമ്പൂര്‍ അമല്‍ കോളജ്), കഥാപ്രസംഗം: അപര്‍ണ അനിരുദ്ധന്‍ (മേല്‍മുറി എം.സി.ടി കോളജ്), സംസ്‌കൃത നാടകം: ജുമൈല ഷെറിനും സംഘവും (പ്രിയദര്‍ശിനി ആര്‍ട്‌സ് കോളജ്), അക്ഷര ശ്ലോകം: റാസ്യ രവീന്ദ്രന്‍ (കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ്), കാവ്യകേളി: ടി. ഹരിത ( മലപ്പുറം ഗവ. കോളജ്), പൂരക്കളി: കെ.കെ ഉമറുല്‍ ഫാറൂഖും സംഘവും (കുണ്ടൂര്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സയന്‍സ് കോളജ്), മാര്‍ഗംകളി: പി.ടി സന്ധ്യ (പുത്തനങ്ങാടി സെന്റ് മേരീസ് കോളജ്), ഫോട്ടോഗ്രഫി: കെ.ആര്‍ സായ് കൃഷ്ണന്‍ (പൊന്നാനി എം.ഇ.എസ് കോളജ്).
അപ്പീലുകള്‍ കുറവ്
മഞ്ചേരി: ഇത്തവണ സി സോണ്‍ കലോത്സവത്തില്‍ അപ്പീലുകള്‍ കുറവ്. ഇതുവരെ ആകെ വന്നത് അഞ്ച് അപ്പീലുകള്‍ മാത്രം. പരിചമുട്ട്, തുകല്‍ വാദ്യങ്ങള്‍, പാശ്ചാത്യസംഗീതം, ഹിന്ദി നാടകം, അറബിക് ചെറുകഥാ രചന എന്നീ മത്സരങ്ങള്‍ക്കു മാത്രമാണ് അപ്പീലുകള്‍.
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അന്‍പതിനു മുകളില്‍ അപ്പീലുകള്‍ വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."