കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമം; ഒരാള്‍ പിടിയില്‍
പത്തനാപുരം: അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ ബലമായി പിടിച്ചെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ദാസാണ് പിടിയിലായത്.
ഇന്നലെ രാവിലെ 11ഓടെ പുന്നല ചാച്ചിപ്പുന്നയിലാണ് സംഭവം. ചെമ്പ്രാമണ്‍ രമേശ് ഭവനില്‍ രമേശ് - രമ്യ ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി സ്വരലയയെയാണ് മാതാവ് രമ്യയുടെ ഒക്കത്ത് നിന്ന് തട്ടിയെടുത്ത് ഓടിയത്. രമ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു.
ചെമ്പ്രാമണ്ണിലെ വീട്ടില്‍ നിന്നും ഭര്‍ത്താവ് രമേശിന് ജോലി സ്ഥലത്തേക്ക് ചോറുമായി കുഞ്ഞിനെയുമെടുത്ത് രമ്യ വരുന്നതിനിടെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് കുഞ്ഞിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടത്തിയത്.
സംഭവം നടന്നതിന് സമീപത്തായി അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇയാളെ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായും നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ ദിവസം പിറവന്തൂര്‍ അലിമുക്കില്‍ നിന്ന് കുട്ടികളെ കടത്തുന്ന സംഘമെന്ന് സംശയിക്കുന്ന മൂന്ന് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."