സുബൈദ വധം: പ്രതികളെ പരേഡില്‍ തിരിച്ചറിഞ്ഞു
കാസര്‍കോട്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ ഇന്നലെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കി. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന കാസര്‍കോട് പട്ലയില്‍ താമസക്കാരായ അബ്ദുല്‍ അസീസ്്, അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് ഇന്നലെ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കിയത്.
ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് ഇന്നലെ ഉച്ചക്ക് 2 നു ശേഷം തിരിച്ചറിയല്‍ പരേഡ് നടന്നത്. കേസുമായി ബന്ധപ്പെട്ട മൂന്നു സാക്ഷികളാണ് പ്രതികളെ പരേഡില്‍ തിരിച്ചറിഞ്ഞത്. സുബൈദയെ കൊലപ്പെടുത്തിയ പ്രതികളെ കൃത്യമായും സാക്ഷികള്‍ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു.
അതിനിടെ കേസില്‍ പിടിയിലാകാനുള്ള രണ്ടു പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് സംശയമുണ്ട്. ഇവര്‍ക്കു വേണ്ടി കര്‍ണാടകയിലും മറ്റും അന്വേഷണ സംഘം വല വിരിച്ചെങ്കിലും പിടികൂടാനായില്ല.
ഇവരുടെ കൃത്യമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ മാസം 19 നാണു ചെക്കിപ്പള്ളത്തെ വീട്ടില്‍ തനിച്ചു താമസിക്കുകയായിരുന്ന സുബൈദയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."