ഡോ. അബ്ദുല്ല കാവില്‍ പടിയിറങ്ങുന്നു; നിറഞ്ഞ സംതൃപ്തിയോടെ
മാവൂര്‍: മൂന്നര പതിറ്റാണ്ടു കാലത്തെ വിശിഷ്ട സേവനത്തിനു ശേഷം നിറഞ്ഞ സംതൃപ്തിയോടെ ഡോ. അബ്ദുല്ല കാവില്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ നിന്ന് പടിയിറങ്ങുന്നു. 1975ല്‍ ദാറുല്‍ ഉലൂം അറബിക് കോളജില്‍ വിദ്യാര്‍ഥിയായി പ്രവേശനം നേടിയ ഇദ്ദേഹം 1981 മുതല്‍ 2008 വരെ ലക്ചറായും 2008 മുതല്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ടിച്ച ശേഷമാണ് വിരമിക്കുന്നത്. പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ദാറുല്‍ ഉലൂമിന്റെ മുഖച്ഛായ മാറ്റുന്നതിന് അദ്ദേഹം നേതൃപരമായ പങ്കുവഹിച്ചു. സര്‍വിസ് കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കും സഹ അധ്യാപകര്‍ക്കും ഒരുപോലെ സുസമ്മതനായിരുന്നു ഡോ. അബ്ദുല്ല.
അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക് ഭാഷയില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം റിയാദിലെ കിങ് സഊദ് സര്‍വകലാശാലയില്‍ നിന്ന് അധ്യാപക പരിശീലനം കരസ്ഥമാക്കി. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി. കാലിക്കറ്റ് സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അഫ്‌ളലുല്‍ ഉലമ (പി.ജി) അംഗം, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇസ്‌ലാമിക് ഫിനാന്‍സ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
ദാറുല്‍ ഉലൂം പൂര്‍വവിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ഡോ. അബ്ദുല്ല കാവിലിനുള്ള യാത്രയയപ്പ് സമ്മേളനം സംസ്ഥാന ന്യൂപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എ. ഷൗക്കത്തലി അധ്യക്ഷനായി.
പി.വി ആലി മുസ്‌ലിയാര്‍, മുന്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ അസീസ് മൗലവി, മച്ചിങ്ങല്‍ മമ്മദ്കുട്ടി, എന്‍.എ റഹ്മാന്‍, പി. യൂനുസ്, ഗഫൂര്‍ പറപ്പൂര്‍, പി. മുഹമ്മദ്, വി.കെ സലീം, എം.ടി റഷീദ്, ജലീല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."