ഗൗരിനേഹയുടെ മരണം: വിദ്യാഭ്യാസവകുപ്പ് വീണ്ടും വിശദീകരണം തേടി
കൊല്ലം: ട്രിനിറ്റി ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരെ ജോലിയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വീണ്ടും വിശദീകരണം തേടി. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപികമാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി.
സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് അധ്യാപികമാര്‍ തിരിച്ചെത്തിയപ്പോള്‍ മാനേജ്‌മെന്റ് കേക്ക് മുറിച്ച് ആഘോഷിച്ചത് സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ചെന്നും സ്‌കൂളിന്റെ ആദ്യ വിശദീകരണം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് വീണ്ടും നോട്ടിസ് നല്‍കുകയായിരുന്നു. അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്റ നെവിസ് എന്നിവരെ തിരിച്ചെടുത്തയുടന്‍ വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരുന്നു. പ്രിന്‍സിപ്പല്‍ നല്‍കിയ മറുപടിയില്‍ അധ്യാപികമാരുടെ സസ്‌പെന്‍ഷന്‍ കാലാവധി ശമ്പളത്തോടുകൂടിയ അവധിയായി കണക്കാക്കുമെന്നാണ് അറിയിച്ചത്. ഒരേ കുറ്റത്തിന് ഒരാളെ രണ്ടുതവണ ശിക്ഷിക്കാനാകില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഗൗരിയുടെ മരണത്തെ തുടര്‍ന്ന് സ്‌കൂളിലെ എല്ലാ ആഘോഷപരിപാടികളും വേണ്ടെന്നുവച്ചിരുന്നു. അതിനാലാണ് പൂച്ചെണ്ടുനല്‍കി സ്വീകരിച്ചതെന്നായിരുന്നു പ്രിന്‍സിപ്പല്‍ നല്‍കിയ വിശദീകരണം. പി.ടി.എ കമ്മിറ്റിയോട് ആലോചിക്കാതെ മാനേജ്‌മെന്റ് ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് സസ്‌പെന്‍ഷനെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചിരുന്നു. ഇത് തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയാണ് കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വീണ്ടും നോട്ടിസ് നല്‍കിയത്.
അതിനിടെ, കേസില്‍ കുറ്റപത്രം അടുത്ത ബുധനാഴ്ചയോടെ സമര്‍പ്പിക്കുമെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ശ്രീനിവാസ് അറിയിച്ചു. കേസില്‍ പൊലിസില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ കുട്ടിയുടെ പിതാവിന് ഹൈക്കോടതിയെ സമീപിക്കാമെന്നും സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെടേണ്ടത് സര്‍ക്കാരോ ഹൈക്കോടതിയോ ആണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."