സമാധാന യോഗത്തിനു പിന്നാലെ കതിരൂരില്‍ ബോംബേറ്
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിനു തൊട്ടു പിന്നാലെ തലശ്ശേരി കതിരൂരില്‍ വീടിനു നേരെ ബോംബേറ്. കതിരൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പൊന്ന്യം പറാങ്കുന്നിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ വരപ്രത്ത് നളിനാക്ഷന്റെ വീടിനു നേരെയാണ് ഇന്നലെ പുലര്‍ച്ചെ 2.30ഓടെ ബോംബേറ് നടന്നത്. ഉഗ്രസ്‌ഫോടന ശബ്ദം കേട്ട് ഉണര്‍ന്ന് നോക്കുന്നതിനിടെ അക്രമി സംഘം ഓടി മറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു. ബോംബേറില്‍ വീടിന്റെ ചുവരിനും ജനലുകള്‍ക്കും കേടുപാട് സംഭവിച്ചു. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.
കൂത്തുപറമ്പ് സി.ഐ യു പ്രേമന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കതിരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. സമാധാന യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വീടിനു നേരെ ബോംബേറ് നടന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ബി.ജെ.പി ദേശീയ ജന.സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു. പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."