പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം സ്വാഗതം ചെയ്ത് ഫലസ്തീന്‍
ഗസ്സ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫലസ്തീന്‍ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഫലസ്തീന്‍ വൃത്തങ്ങള്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരവും സുപ്രധാനവുമായ റാമല്ല നഗരത്തിലെ സന്ദര്‍ശനത്തെ ഫലസ്തീന്‍ പ്രസിഡന്റിന്റെ ഓഫിസ് സ്വാഗതം ചെയ്തതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫലസ് തീന്‍ സന്ദര്‍ശിക്കുന്നത്. ശനിയാഴ്ച ഫലസ്തീനിലെത്തുന്ന മോദിയെ റാമല്ലയിലെ പ്രസിഡന്റിന്റെ വസതിയില്‍ മഹ്മൂദ് അബ്ബാസ് സ്വീകരിക്കും. പരസ്പര സഹകരണത്തെ കുറിച്ചും പുതിയ രാഷ്ട്രീയ വിഷയങ്ങളിലും ഇരുവരും ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്. മേഖലയിലെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഇന്ത്യയുടെ നിലപാട് ഫലസ്തീന്‍ പ്രതീക്ഷയോടെയും പ്രാധാന്യത്തോടെയുമാണു നോക്കിക്കാണുന്നതെന്നും 'വഫ' വ്യക്തമാക്കി. ഇന്ത്യ ഫലസ്തീനു നല്‍കുന്ന നിരന്തരമായ പിന്തുണയ്ക്ക് നന്ദി അറിയിക്കാനുള്ള വേളയാണിതെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നിലപാടിനെതിരേ അവസാനമായി ഫലസ്തീനു പിന്തുണയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. യു.എസ് തീരുമാനത്തിനെതിരേ യു.എന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഫലസ്തീന് അനുകൂലമായാണ് ഇന്ത്യ വോട്ട് രേഖപ്പെടുത്തിയത്.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ആദ്യഘട്ടമായാണ് മോദി ഫലസ്തീനിലെത്തുന്നത്. യു.എ.ഇ, ഒമാന്‍ എന്നവിടങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. ഫലസ്തീനില്‍ പ്രസിഡന്റിനെ അടക്കം കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം യു.എ.ഇയിലേക്കു തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."