രാഷ്ട്രീയ പ്രതിസന്ധി നയതന്ത്ര തര്‍ക്കത്തിലേക്ക്
മാലെ: മാലദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധി മേഖലയിലെ നയതന്ത്ര സംഘര്‍ഷത്തിലേക്കു നീങ്ങുന്നു. രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാലദ്വീപ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ ഇന്ത്യ ഒഴികെയുള്ള സുഹൃദ്‌രാജ്യങ്ങളുടെ സഹായം തേടി. ഇതിന്റെ ഭാഗമായി ചൈന, പാകിസ്താന്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളിലേക്ക് ദൂതന്മാരെ അയക്കാനും യമീന്‍ തീരുമാനിച്ചു.
നേരത്തെ, ഇന്ത്യ മാലദ്വീപില്‍ സൈനികമായി ഇടപെടണമെന്ന ആവശ്യവുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് രംഗത്തെത്തിയിരുന്നു. മാലദ്വീപില്‍ ആര് സൈനിക ഇടപെടല്‍ നടത്തുന്നതും പ്രശ്‌നം കൂടുതല്‍ വഷളാക്കുമെന്ന് ഇതിനോടുള്ള പ്രതികരണമായി ചൈന വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് മാലദ്വീപ് സര്‍ക്കാര്‍ ഇന്ത്യയെ മാറ്റിനിര്‍ത്തി മറ്റ് അയല്‍രാജ്യങ്ങളുടെ പിന്തുണ തേടിയത്. ഇതിന്റെ ഭാഗമായി ധനകാര്യ മന്ത്രി മുഹമ്മദ് സഈദ് ചൈനയും വിദേശകാര്യ മന്ത്രി മുഹമ്മദ് അസീം പാകിസ്താനിലും കൃഷി-ഫിഷറീസ് മന്ത്രി മുഹമ്മദ് ശൈനീ സഊദിയും സന്ദര്‍ശിക്കും. ഇന്ത്യയിലേക്കും ദൂതനെ അയക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തിയതി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് സ്വീകാര്യമായിരുന്നില്ലെന്ന് രാജ്യത്തെ മാലദ്വീപ് അംബാസഡര്‍ അഹ്മദ് മുഹമ്മദ് പറഞ്ഞു.
400 കി.മീറ്റര്‍ മാത്രം അകലെയുള്ള ലോകത്തെ ആഡംബര വിനോദസഞ്ചാരകേന്ദ്രമായ ദ്വീപുരാജ്യവുമായി ശക്തമായ നയതന്ത്രബന്ധമാണ് ഇന്ത്യ പുലര്‍ത്തിപ്പോന്നിരുന്നത്. എന്നാല്‍, രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പലപ്പോഴും ഇന്ത്യാ-ചൈന തര്‍ക്കത്തിലേക്കു നീങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദും ഇന്ത്യയോട് സൈനികമായി മാലദ്വീപില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. പരസ്പര സംവാദത്തിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള ചൈനയുടെ ആഹ്വാനത്തെ പ്രതിപക്ഷ കക്ഷികള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.
ബ്രിട്ടന്‍, അമേരിക്ക, യു.എന്‍ അടക്കമുള്ള കക്ഷികള്‍ക്കൊപ്പം ഇന്ത്യയും സര്‍ക്കാര്‍ നിലപാടിനെതിരായ കോടതിവിധിയെ സ്വാഗതം ചെയ്തത് മാലദ്വീപിനെ ചൊടിപ്പിച്ചിരുന്നു. യമീനിന്റെ സൈന്യം ജയിലിലടച്ച രാഷ്ട്രീയ തടവുകാരെയും അടിയന്തരാവസ്ഥയ്ക്കു ശേഷം അറസ്റ്റ് ചെയ്ത മുന്‍ പ്രസിഡന്റ് മഅ്മൂന്‍ അബ്ദുല്‍ ഗയൂം, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സഈദ്, സുപ്രിംകോടതിയിലെ മറ്റൊരു ജഡ്ജി അലി ഹമീദ് എന്നിവരെയും മോചിപ്പിക്കാന്‍ ഇന്ത്യ സൈനികമായി തന്നെ ഇടപെടണമെന്നായിരുന്നു നേരത്തെ നശീദ് ആവശ്യപ്പെട്ടത്. ഇതിനെതിരേയാണ് ചൈന രംഗത്തെത്തിയത്.
തിങ്കളാഴ്ചയാണ് പ്രസിഡന്റ് അബ്ദുല്ല യമീന്‍ രാജ്യത്ത് 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതേതുടര്‍ന്ന് സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുക്കാനും അറസ്റ്റ് ചെയ്യാനും പൊലിസിന് പ്രത്യേകാധികാരം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."