രണ്ടാംഭര്‍ത്താവ് തീകൊളുത്തി; യുവതി ആശുപത്രിയില്‍ മരിച്ചു
ആറ്റിങ്ങല്‍: രണ്ടാം ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചികിത്സയിലായിരുന്ന യുവതി മരിച്ചു. മടവൂര്‍ സീമന്തപുരം മുട്ടയം മയിലാടും പൊയ്കയില്‍ അമ്പിളി (33) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വെള്ളല്ലൂര്‍ പേരൂര്‍ കടക്കോട്ടുകോണം ചരുവിള വീട്ടില്‍ അട്ടപ്പന്‍ എന്നു വിളിക്കുന്ന അജിയെ പൊലിസ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ വെള്ളിയാഴ്ച 6 മണിക്ക് അമ്പിളിയുടെ കൂട്ടുകാരിയുടെ വീടായ നാവായിക്കുളം ചിറ്റായിക്കോട് ബീനാ ഭവനിലാണ് സംഭവം നടന്നത്. അമ്പിളിയും ഭര്‍ത്താവായ അജിയും ഏറെ നാളായി സീമന്തപുരത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
അമ്പിളിയേയും അവരുടെ ആദ്യ വിവാഹത്തിലെ മക്കളേയും അജി മര്‍ദ്ദിക്കുക പതിവായിരുന്നു. ഇതിനെ തുടര്‍ന്ന് അമ്പിളി അജിയുടെ പീഡനത്തെക്കുറിച്ച് കല്ലമ്പലം പൊലിസില്‍ പരാതി നല്‍കിയിരുന്നു. അതിനു ശേഷം ആദ്യവിവാഹത്തിലെ മക്കളായ സോനയ്ക്കും സോനുവിനുമൊപ്പം അമ്പിളി കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. സംഭവദിവസം രാവിലെ അജി അമ്പിളിയുടെ കൂട്ടുകാരിയുടെ വീട്ടിലെത്തി അമ്പിളിയെ വിളിച്ചെങ്കിലും അവര്‍ കൂടെ പോകാന്‍ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ അജി പുറത്തു പോയി ഡീസലും പേപ്പറും തീപ്പെട്ടിയുമായെത്തി അമ്പിളിയുടെ ദേഹത്ത് ഡീസലൊഴിച്ച് പേപ്പര്‍ കത്തിച്ചിടുകയായിരുന്നു. അമ്പിളി നിലവിളിച്ചതിനെത്തുടര്‍ന്ന് അജി പുറത്തേക്കോടി രക്ഷപ്പെട്ടു.
ഇതോടകം നാട്ടുകാര്‍ അമ്പിളിയുടെ ദേഹത്തെ തീ അണയ്ക്കുകയും കല്ലമ്പലം പൊലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഇവരെ പൊലിസ് മെഡിക്കല്‍ കോളജിലെത്തിച്ചു.
അറുപതു ശതമാനത്തിലേറെ പൊള്ളലേറ്റ ഇവര്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകുന്നേരം 4.30 ഓടെ സീമന്തപുരത്തെ സഹോദരന്റെ വീട്ടില്‍ സംസ്കരിച്ചു. നിരവധി കേസുകളില്‍ പ്രതിയായ അജി മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ചട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."