റാഫേല്‍ ഇടപാട്: ജെയ്റ്റ്‌ലി നുണ പറയുന്നുവെന്ന് രാഹുല്‍
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാര്‍ സംബന്ധിച്ച ഇടപാടുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിക്കെതിരേ ശക്തമായ ആരോപണം ഉന്നയിച്ച രാഹുല്‍, യുദ്ധവിമാനം വാങ്ങുന്നത് എത്ര തുകയ്ക്കാണെന്ന് വെളിപ്പെടുത്തണമെന്ന ആവശ്യം ഇന്നലെയും ആവര്‍ത്തിച്ചു.
ലോക്‌സഭയില്‍ ഇക്കാര്യം ഉന്നയിച്ച രാഹുലിന് മറുപടി നല്‍കിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയായിരുന്നു. റാഫേല്‍ കരാറിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന കോണ്‍ഗ്രസ്, രാജ്യസുരക്ഷയെ വിലകല്‍പ്പിക്കുന്നില്ലെന്ന് ജെയ്റ്റ്‌ലി ആരോപിച്ചു. രാജ്യസുരക്ഷയെ സംബന്ധിച്ച പാഠങ്ങള്‍ അറിയില്ലെങ്കില്‍ പ്രതിരോധ മന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയില്‍ നിന്ന് രാഹുല്‍ പഠിക്കണമെന്നും ജെയ്റ്റ്‌ലി ഉപദേശിച്ചു.
ഇതേതുടര്‍ന്ന് ജെയ്റ്റ്‌ലിക്ക് ട്വിറ്ററിലൂടെ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. ധനമന്ത്രി പറയുന്നതെല്ലാം നുണയാണ്. ഇത് തെളിയിക്കാന്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടികള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. യു.പി.എ ഭരണകാലത്ത് പൂര്‍ണമായും സുതാര്യമായിട്ടാണ് പ്രതിരോധ ഇടപാടുകള്‍ നടന്നത്. റാഫേല്‍ യുദ്ധവിമാനത്തിന്റെ വില എത്രയെന്ന് വെളിപ്പെടുത്താന്‍ പ്രതിരോധ മന്ത്രി തയാറാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കരാറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും നേരത്തെ സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പൊതുപണം ഉപയോഗിച്ച് നടത്തുന്ന ഏതൊരു ഇടപാടുകളിലും സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടി വരികതന്നെ ചെയ്യുമെന്നും സുര്‍ജേവാല പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."