ചരിത്ര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ക്രിക്കറ്റ് പരമ്പരയെന്ന സ്വപ്നതുല്ല്യ നേട്ടത്തിന് തൊട്ടടുത്താണ് ഇന്ത്യ. ആറ് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയം സ്വന്തമാക്കി നില്‍ക്കുന്ന ഇന്ത്യ ഇന്ന് നാലാം ഏകദിനത്തിനായി ഇറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് ചരിത്രം മാറ്റിയെഴുതാന്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനും സാധിക്കുമോ എന്നാണ്.
2010-11 സീസണില്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം പരമ്പര നേട്ടത്തിന് തൊട്ടടുത്ത് എത്തിയതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം. അന്ന് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-2നാണ് ഇന്ത്യ അടിയറവ് വച്ചത്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ റാങ്കിങിലെ ഒന്നാം സ്ഥാനത്തിന് കൂടുതല്‍ ഉറപ്പും ലഭിക്കും. ജൊഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ പകലും രാത്രിയുമായാണ് മത്സരം.
ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മാരക ഫോമും റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ സഖ്യത്തിന്റെ മാന്ത്രിക പന്തുകളുമാണ് നിലവിലെ ഇന്ത്യന്‍ മുന്നേറ്റത്തിന്റെ ആണിക്കല്ല്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പന്തുകള്‍ നേരിടാന്‍ കഴിയാതെ ഉഴലുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയ്ക്ക് സ്ഥിരത പുലര്‍ത്തുന്ന ഒരു താരത്തിന്റെ അഭാവവും മുഴച്ചുനില്‍ക്കുന്നു. ഇരു സ്പിന്നര്‍മാരും ചേര്‍ന്ന് മൂന്ന് മത്സരങ്ങളില്‍ നിന്നായി 21 വിക്കറ്റുകളാണ് ഇന്ത്യക്കായി കൊയ്തിട്ടത്. ചഹല്‍ 11ഉം കുല്‍ദീപ് പത്തും വിക്കറ്റുകള്‍ സ്വന്തമാക്കി പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളും അലങ്കരിക്കുന്നു. ആദ്യ മൂന്ന് മത്സരങ്ങളും കളിച്ച ടീമിനെ തന്നെയാകും നാലാം പോരിലും ഇന്ത്യ കളത്തിലിറക്കുക. ഓപണര്‍ ശിഖര്‍ ധവാന്‍, കോഹ്‌ലി, രഹാനെ എന്നിവര്‍ ഫോമിലാണ്. അതേസമയം മധ്യനിരയ്ക്കും വാലറ്റത്തിനും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ബൗളിങ് നിരയില്‍ ചഹല്‍- കുല്‍ദീപ് ദ്വയത്തിനൊപ്പം ഇന്ത്യന്‍ പേസര്‍മാരും മികച്ച സംഭാവന നല്‍കുന്നുണ്ട്.
സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്ക ഇന്ന് പിങ്ക് ജേഴ്‌സി അണിഞ്ഞായിരിക്കും മൈതാനത്തിനിറങ്ങുക. 2011ലാണ് ടീം പച്ചയ്‌ക്കൊപ്പം പിങ്ക് കളര്‍ ജേഴ്‌സി അണിയാന്‍ ആരംഭിച്ചത്.
പരുക്കേറ്റ് ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാനിറങ്ങാതിരുന്ന മുന്‍ ക്യാപ്റ്റന്‍ എ.ബി ഡിവില്ല്യേഴ്‌സ് ടീമില്‍ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ആതിഥേയര്‍. ശേഷിക്കുന്ന മൂന്ന് ഏകദിനത്തിലും ടി20യിലും താരത്തിന് കളിക്കാന്‍ സാധിക്കും. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പന്തിന്റെ ഗതി അറിയാന്‍ കഴിയാതെ മൂന്ന് പോരാട്ടത്തിലും അമ്പേ പരാജയപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയ്ക്ക് ഡിവില്ല്യേഴ്‌സിന്റെ വരവ് ഏറെ ആശ്വാസം നല്‍കുന്നതാണ്. ഡിവില്ല്യേഴ്‌സിന് പിന്നാലെ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, ഓപണര്‍ ക്വിന്റന്‍ ഡി കോക്ക് എന്നിവരും പരുക്കേറ്റ് പുറത്തുപോയതോടെ ബാറ്റിങ് നിരയുടെ കരുത്ത് ചോര്‍ന്നത് ആതിഥേയര്‍ക്ക് തിരിച്ചടിയായി മാറുകയായിരുന്നു. പരിചയസമ്പന്നനായ ഡിവില്ല്യേഴ്‌സിന്റെ മടങ്ങി വരവിലൂടെ ബാറ്റിങ് നിരയുടെ അസ്ഥിരാവസ്ഥ മാറ്റിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം.
ഡിവില്ല്യേഴ്‌സ് എത്തുന്നതോടെ ഡേവിഡ് മില്ലര്‍, ഖയ സോണ്ടോ എന്നിവരില്‍ ഒരാള്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്താകും. ഡിവില്ല്യേഴ്‌സ് എത്തുന്നതോടെ മൂന്നാം സ്ഥാനത്തിറങ്ങിയ ജെ.പി ഡുമിനി നാലാം നമ്പറിലാകും ബാറ്റിങിനെത്തുക. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പ്പം ഭേദപ്പെട്ട പ്രകടനം നടത്തുന്ന ഏക താരവും ഡുമിനി തന്നെ. ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ബൗളിങ് നിരയ്ക്ക് ആദ്യ മൂന്ന് മത്സരങ്ങളിലും കാര്യമായ വെല്ലുവിളി ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ പ്രശ്‌നത്തിനും പരിഹാരം കണ്ടില്ലെങ്കില്‍ അവര്‍ക്ക് സ്വന്തം നാട്ടില്‍ ഇന്ത്യക്ക് മുന്നില്‍ നടാടെ പരമ്പര അടിയറവ് വയ്‌ക്കേണ്ടി വന്നേക്കും.
ഇന്ത്യയെ സംബന്ധിച്ച് വാണ്ടറേഴ്‌സ് ഭാഗ്യ വേദിയില്ല. ഇവിടെ കളിച്ച നാലില്‍ മൂന്ന് ഏകദിനത്തിലും ഇന്ത്യ തോല്‍വി വഴങ്ങുകയായിരുന്നു. 2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആസ്‌ത്രേലിയയോട് തോറ്റതും ഇതേ മണ്ണില്‍ വച്ചാണ്. 2011ലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ മണ്ണില്‍ ഇന്ത്യ ഒരേയൊരു തവണ വിജയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."