മാലദ്വീപിനെ അടുത്ത തീപ്പൊരിയാക്കാന്‍ ആഗ്രഹിക്കുന്നില്ല; ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന
ബെയ്ജിങ്: ഇന്ത്യന്‍ സമുദ്രത്തിലെ ദ്വീപരാജ്യമായ മാലദ്വീപില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായി ചൈന. മാലദ്വീപ് പ്രശ്‌നം പുതിയൊരു തീപ്പൊരിയാക്കി മാറ്റാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ദോക്‌ലാം വിഷയത്തെ വ്യംഗ്യമായി സൂചിപ്പിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഗെങ് ഷുവാങ് വ്യക്തമാക്കി.
മാലദ്വീപിലെ അടിയന്തരാവസ്ഥയില്‍ ഒരു തരത്തിലുമുള്ള ബാഹ്യ ഇടപെടല്‍ പാടില്ലെന്ന നിലപാടാണ് തങ്ങള്‍ തുടരുന്നതെന്നും അന്താരാഷ്ട്ര സമൂഹം മാലദ്വീപിന്റെ പരമാധികാരത്തെ മാനിക്കണമെന്നും ഷുവാങ് അറിയിച്ചു. വിഷയത്തില്‍ ഇന്ത്യ സൈനികമായി ഇടപെടണമെന്ന് മാലദ്വീപിലെ പ്രതിപക്ഷകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്. നേരത്തെയും ഇന്ത്യയുടെ ഇടപെടലിനെ ചൈന പരോക്ഷമായി എതിര്‍ത്തിരുന്നു.
പുറത്തുനിന്നുള്ള ഏതു തരത്തിലുമുള്ള ഇടപെടല്‍ രാജ്യത്തെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയേ ഉള്ളൂവെന്നായിരുന്നു ചൈനയുടെ ആദ്യ പ്രതികരണം. മാലദ്വീപില്‍ ഇടപെടാനുള്ള യു.എന്‍ നീക്കത്തെയും ചൈന എതിര്‍ത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്ത്യ ഒഴികെയുള്ള അയല്‍പക്കത്തെ സുഹൃദ്‌രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്മാരെ അയച്ചിരുന്നു. ചൈന, പാകിസ്താന്‍, സഊദി അറേബ്യ എന്നിവിടങ്ങളിലേക്കായിരുന്നു പുതിയ സംഭവവികാസങ്ങള്‍ വിശദീകരിക്കാനായി പ്രതിനിധികളെ അയച്ചത്. ഇതില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താത്തത് ഏറെ ചര്‍ച്ചയായിരുന്നു.
അതിനിടെ, മാലദ്വീപിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്ന് യു.എന്‍ നയതന്ത്ര പ്രതിനിധി രക്ഷാസമിതിക്കു മുന്നറിയിപ്പ് നല്‍കി.
വിഷയത്തില്‍ കഴിഞ്ഞ ദിവസം രക്ഷാസമിതി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് യു.എന്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മിറോസ്‌ലാവ് ജെന്‍ക രക്ഷാസമിതിയെ വിഷയത്തിന്റെ ഗൗരവത്തെ കുറിച്ച് ധരിപ്പിച്ചത്. മാലദ്വീപിലെ സ്ഥിതിഗതികള്‍ അത്യന്തം സംഘര്‍ഷഭരിതമാണെന്നും ഇത് കൂടുതല്‍ വഷളാകാനാണു സാധ്യതയെന്നും മിറോസ്‌ലാവ് പറഞ്ഞു. രക്ഷാസമിതി യോഗം ചേര്‍ന്നെങ്കിലും ഔദ്യോഗികമായ വാര്‍ത്താകുറിപ്പൊന്നും പുറത്തുവന്നിട്ടില്ല.
മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് അടക്കം ഒന്‍പത് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ഭീകരകുറ്റം പിന്‍വലിക്കാനുള്ള സുപ്രിംകോടതിയുടെ ഉത്തരവ് വന്ന് നാലാം ദിവസമാണ് മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുല്ല യമീന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 15 ദിവസത്തേക്കു പ്രഖ്യാപിച്ച അടിയന്തരാവസ്ഥയി ഇപ്പോള്‍ മൂന്നു ദിവസം പിന്നിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."