തുള്ളി കുടിപ്പാനില്ലാത്ത കാലം
വെള്ളം കിട്ടാതാവുന്നതോടെ മാരകരോഗങ്ങളുടെ ആക്രമണം രൂക്ഷമാകുമെന്ന തിരിച്ചറിവ് ഈയിടെ നടന്ന ശാസ്ത്രകോണ്‍ഗ്രസ് ഒരിക്കല്‍ കൂടി വിളംബരം ചെയ്തിരിക്കുന്നു. രണ്ടുനേരം കുളിക്കുന്നവര്‍, അലക്കിത്തേച്ച വസ്ത്രം ധരിക്കുന്നവര്‍ എന്നൊക്കെ മലയാളികളെ മറ്റുദേശക്കാര്‍ വിശേഷിപ്പിച്ച കാലമുണ്ടായിരുന്നു.
മാറിയ കാലഘട്ടത്തില്‍ നാം മലിനീകരണത്തിനു പേരുകേട്ടവരായിരിക്കുന്നു. ദൈവത്തിന്റെ സ്വന്തംനാട് മാറാരോഗങ്ങളുടെയും സ്വന്തംനാടായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മൂന്നരകോടി മാത്രമാണു കേരളത്തിലെ ജനസംഖ്യയെങ്കിലും ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണ്. അതുകൊണ്ടുതന്നെ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.
പ്ലാസ്റ്റിക് ഉപകാരത്തേക്കാള്‍ കൂടുതല്‍ ഉപദ്രവമുണ്ടാക്കുന്നുണ്ട് എന്നു മലയാളിക്കറിയാം. പ്ലാസ്റ്റിക് മാലിന്യം വര്‍ധിക്കുന്നതു തടയാന്‍ ഉപയോഗം കുറയ്ക്കുകയല്ല ഉപയോഗിച്ചവ കൂട്ടിയിട്ടുകത്തിക്കുകയാണു നാം ചെയ്യുന്നത്. അതിനാല്‍, ശ്വാസകോശരോഗങ്ങള്‍ ഇവിടെ വ്യാപകമാകുകയാണ്.
അടുക്കള പൂട്ടിയിട്ടു തട്ടുകട മുതല്‍ നക്ഷത്ര ഹോട്ടല്‍വരെ വച്ചുവിളമ്പിത്തരുന്ന ഭക്ഷണപാനീയങ്ങള്‍ കണ്ണുംപൂട്ടി കഴിക്കുന്നവരാണു നാം. അപ്പോഴും നമ്മള്‍ അറിയുന്നില്ല പണംകൊടുത്ത് എത്ര വിഷാംശമാണു വയറ്റിലാക്കുന്നതെന്ന്. ആരോഗ്യസംരക്ഷണത്തിനു പേരുകേട്ട സംസ്ഥാനം പ്രമേഹം മുതല്‍ അര്‍ബുദംവരെയുള്ള രോഗങ്ങളുടെ വിളനിലമായി മാറിയിരിക്കുന്നു.
വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചതോടെ നാട്ടിലെങ്ങും ഡയാലിസിസ് കേന്ദ്രങ്ങളാണ്. അര്‍ബുദത്തിന്റെ പിടിയിലമര്‍ന്നു വേദനിക്കുന്നവര്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാലിയേറ്റിവ് കെയര്‍ കേന്ദ്രങ്ങളില്ലാത്ത ഗ്രാമങ്ങള്‍ കാണാന്‍ വിഷമം. പണ്ടൊന്നും കേട്ടറിവില്ലാത്ത വിധം ആശുപത്രികള്‍ തഴച്ചുവളരുകയാണ്. പത്രങ്ങള്‍ വഴിയും മറ്റും പരസ്യം നല്‍കുന്ന ഏറ്റവും ആദായകരമായ ബിസിനസായി അവ മാറിയിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണു കഴിഞ്ഞമാസം തിരുവല്ലയില്‍ നടന്ന കേരള ശാസ്ത്ര കോണ്‍ഗ്രസ് ശ്രദ്ധേയമായത്. മുതിര്‍ന്ന ശാസ്ത്രജ്ഞന്മാര്‍ക്കൊപ്പം കോളജ് വിദ്യാര്‍ഥികളും ഗഹനമായ ചര്‍ച്ചയ്ക്കും പഠനത്തിനുമായി ചെലവഴിച്ച മണിക്കൂറുകള്‍ കേരളത്തെ രോഗശയ്യയില്‍ നിന്നെഴുന്നേല്‍പ്പിക്കാനുള്ള സജീവചര്‍ച്ചയ്ക്കു വേദിയായി.
നാന്നൂറിലേറെ ഗവേഷകരാണു രാപ്പകല്‍ഭേദമന്യേ ചര്‍ച്ചയില്‍ മുഴുകിയത്. പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍ പങ്കെടുത്ത സെമിനാറുകള്‍ക്കു പുറമേ കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസും അരങ്ങേറി. പുതുതലമുറ ആരോഗ്യപ്രശ്‌നങ്ങളില്‍ എത്രമാത്രം ജാഗരൂകരാണെന്ന് ഇതു തെളിയിക്കുന്നു. പതിനാലു കുട്ടിശാസ്ത്രജ്ഞര്‍ക്ക് പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനായി.
ജലദുര്‍വിനിയോഗവും മാലിന്യനിക്ഷേപവുമാണു പൊതുവെ കേരളത്തെയാകെ രോഗഗ്രസ്ഥമാക്കുന്നത്. അതിനെതിരേ മനോഭാവം വളര്‍ത്താനുള്ള പദ്ധതികളാണു ശാസ്ത്ര കോണ്‍ഗ്രസ് ആവിഷ്‌കരിച്ചത്. പുകവലി ഹാനികരമാണെന്നും വെറ്റില മുറുക്കു മാരകമാണെന്നുമൊക്കെ സര്‍ക്കാര്‍തലത്തില്‍ വലിയപ്രചാരണം നടക്കുന്നുണ്ട്. എന്നിട്ടും പുകയില ഉപയോഗം കുരുന്നുകളില്‍പോലും നിര്‍ബാധം തുടരുന്നുണ്ട്. ഇത്തരം കാര്യങ്ങളാണ് പ്രദര്‍ശനം നമ്മെ ഓര്‍മിപ്പിക്കുന്നത്.
വെള്ളത്തിലെ എണ്ണമയംപോലുള്ള മാലിന്യം തൂവാലകൊണ്ടെന്നപോലെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന പരിസ്ഥിതിസൗഹൃദ വിദ്യയുമായാണു ചാത്തമംഗലം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി വിദ്യാര്‍ഥികളെത്തിയത്. നാനോ ഫൈബര്‍ ഷീറ്റുകള്‍ വികസിപ്പിച്ചെടുത്തതും ശ്രദ്ധേയമാണ്. പ്രകൃതിജന്യമായ ഹൈഡ്രോ കാര്‍ബണുകളടങ്ങിയതാണു തേനീച്ചക്കൂട്ടിലെ മെഴുക് എന്നു കണ്ടെത്തി ആ മെഴുകുപയോഗിച്ചാണു നാനോ ഫൈബര്‍ ഷീറ്റുകള്‍ നിര്‍മിച്ചത്.
ജലമലിനീകരണം കുറയ്ക്കാന്‍ കഴിയുന്ന ചെടികളുണ്ടെന്നതു വലിയ തിരിച്ചറിവായി. മഴവെള്ളത്തെ ഭൂമിയിലേക്കിറങ്ങാന്‍ വിടാതെ മുറ്റത്തു ടൈല്‍ നിരത്തുന്ന ശൈലി വ്യാപകമാകുമ്പോള്‍ അന്തരീക്ഷത്തില്‍ ചൂടേറുകയാണെന്ന സത്യം നാം മറന്നുപോകുന്നു.
ആയുര്‍വേദമരുന്നുകള്‍ ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയില്‍ തയാറാക്കി നല്‍കിയാല്‍ പല കാന്‍സറും ചെറുക്കാമെന്ന് അമേരിക്കയില്‍നിന്നുള്ള അര്‍ബുദരോഗ വിദഗ്ധന്‍ ചൂണ്ടിക്കാട്ടി. സോപ്പുപൊടികളും സോഡാക്കാരവും ഹൈഡ്രജന്‍ പെറോക്‌സൈഡും എല്ലാം കലര്‍ത്തിയാണ് പാല്‍ വില്‍പനക്കെത്തുന്നതെന്നത് ഒരു യുവഗവേഷകന്‍ വെളിപ്പെടുത്തി. കേരളത്തില്‍മാത്രം വര്‍ഷംതോറും മുപ്പതിനായിരത്തില്‍പരം പേരെ അര്‍ബുദം പിടികൂടുന്നുവെന്നാണു സ്ഥിതിവിവരക്കണക്ക്.
സര്‍വകലാശാലകളില്‍നിന്നു പി.എച്ച്.ഡി നേടിയതായി പടങ്ങളും വാര്‍ത്തകളും മിക്കപത്രങ്ങളിലും ദിനംപ്രതി കാണുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍നിന്നു പി.എച്ച്.ഡി നേടിയ പതിനയ്യായിരത്തോളം പേരുണ്ടായിട്ടും ലഭിച്ച പേറ്റന്റ് നാല്‍പതില്‍ താഴെ മാത്രമാണെന്നാണു യു.ജി.സി നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍ തെളിഞ്ഞത്. അരക്കോടി രൂപവരെ ഗവേഷണസഹായം ലഭിക്കുന്ന യുവശാസ്ത്രപുരസ്‌കാരങ്ങള്‍ ആറുപേര്‍ കരസ്ഥമാക്കിയതും ഒരു ശാസ്ത്രജ്ഞനോടൊപ്പം ഒരു പത്രപ്രവര്‍ത്തകനും അധ്യാപികയും അരലക്ഷം രൂപയുടെ ശാസ്ത്രസാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായതും ഈ ശാസ്ത്രകോണ്‍ഗ്രസില്‍ ശ്രദ്ധേയമായി.
മാര്‍ച്ച് മാസത്തിനു മുന്‍പു തന്നെ ജലക്ഷാമം രൂക്ഷമായ കേരളത്തില്‍ ജനമനസ്സുണര്‍ത്താന്‍ ഇത്തരം ചര്‍ച്ചകളും സെമിനാറുകളും അടിയന്തരാവശ്യമത്രെ. കുളിമുറിയിലും കക്കൂസിലും മൂത്രപ്പുരയിലുമെല്ലാം എത്ര ലിറ്റര്‍ വെള്ളമാണു പാഴാക്കിക്കളയുന്നത്. നദികള്‍ വറ്റിച്ചും കുളങ്ങള്‍ തൂര്‍ത്തും കെട്ടിടം പണിയുമ്പോള്‍ നമ്മള്‍ തിരിച്ചറിഞ്ഞില്ല മുന്‍തലമുറക്കാര്‍ നമുക്കായി നല്‍കിയ ജലസ്രോതസ്സുകളാണ് എന്നന്നേക്കുമായി നശിപ്പിക്കുന്നതെന്ന്.
പള്ളിക്കുളങ്ങളും ക്ഷേത്രക്കുളങ്ങളും വൃത്തിയാക്കി ഉപയോഗിച്ചിരുന്നതു പോയകാല ഓര്‍മയായി. പള്ളികളില്‍ അംഗശുദ്ധിക്കായി ഒരുക്കിയ ഹൗളുകള്‍പോലും ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്നു. മഴവെള്ളം ഹൗളുകളില്‍ സംഭരിച്ചുകൊണ്ടിരുന്ന പഴയനാളുകള്‍ ഓര്‍മകളില്‍പോലുമില്ല. വുദു ഉണ്ടാക്കാനായി ടാപ്പുകള്‍ യഥേഷ്ടം വന്നതോടെ ഒരാള്‍ക്കു കുളിക്കാന്‍വേണ്ടതിനേക്കാള്‍ വെള്ളമാണു പാഴാക്കുന്നത്.
വെള്ളത്തിനുവേണ്ടി രാജ്യങ്ങള്‍ യുദ്ധം ചെയ്യുമെന്നാണു കഴിഞ്ഞ ദശകത്തില്‍ നാം കേട്ടതെങ്കില്‍ ഇന്നു സംസ്ഥാനങ്ങള്‍ അതിനൊരുമ്പെട്ടിരിക്കുന്നുവെന്നാണു മുല്ലപ്പെരിയാറും കാവേരിയുമൊക്കെ വിളിച്ചുപറയുന്നത്. നാളെ വീട്ടുകാര്‍ തമ്മില്‍, അതു കഴിഞ്ഞ് ഒരു വീട്ടിനുള്ളില്‍ കഴിയുന്നവര്‍ തമ്മില്‍ വെള്ളത്തിനുവേണ്ടി പോരാടില്ലെന്നു ആരുകണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."