ഇതല്ലേ, യഥാര്‍ഥ രാഷ്ട്രീയപ്രവര്‍ത്തനം?
'പാടത്തുപണിക്കു വരമ്പത്തുകൂലി'യെന്നു നേതാക്കള്‍ പറയുന്നതു കേട്ട് ആവേശം പൂണ്ട അണികള്‍ തലകൊയ്യലും കാലുവെട്ടലും നിത്യവൃത്തിയാക്കിയതിന്റെ വാര്‍ത്തകള്‍ വായിച്ചും കണ്ടും മനസ്സു മരവിച്ചിരിക്കുമ്പോഴാണ് ആ വാര്‍ത്ത കണ്ണില്‍പ്പെട്ടത്. 'കോഴിക്കോട്ടെ ചൂലൂരില്‍ ഈയിടെ ആരംഭിച്ച എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസിക്കാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അത്താണിയൊരുക്കുന്നു.
മനുഷ്യസ്‌നേഹിയായിരുന്ന ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയയുടെ സ്മാരകമായി നിര്‍മിക്കുന്ന ആ കേന്ദ്രത്തില്‍ താമസവും ഭക്ഷണവും മരുന്നും സൗജന്യമായിരിക്കും.
എം.വി.ആര്‍ ആശുപത്രിയിലെ ചികിത്സാക്കാലത്ത് ജാതി,മതഭേദമില്ലാതെ, രാഷ്ട്രീയത്തിന്റെ വിവേചനമില്ലാതെ ആര്‍ക്കും ഈ സേവനം ഉപയോഗിക്കാം.
രാപകല്‍ ഭേദമില്ലാതെ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകവാര്‍ത്തകള്‍ക്കിടയില്‍ ഇങ്ങനെയൊരു സദ്‌വാര്‍ത്ത കാണുമ്പോള്‍ ആരുടെയും മനസ്സില്‍ കുളിര്‍മഴ കൊണ്ട അനുഭൂതിയുണ്ടാകില്ലേ. രാഷ്ട്രീയക്കാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരും അധികാരം നേടാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരും മനുഷ്യത്വം തൊട്ടുതെറിപ്പിച്ചിട്ടില്ലാത്തവരുമാണെന്ന പൊതുധാരണ തിരുത്തിക്കുറിക്കുന്നതാണ് ഈ വാര്‍ത്തയെന്നു പറയുന്നതില്‍ സന്തോഷമുണ്ട്.
കോഴിക്കോട് നഗരത്തില്‍നിന്ന് ഏറെയകലെയുള്ള കുഗ്രാമമാണ് ചൂലൂര്. എടുത്തുപറയാനൊരു ചായപ്പീടികപോലും അടുത്തകാലം വരെ ഇല്ലാതിരുന്ന പ്രദേശം. എം.വി.ആര്‍ സ്മാരക കാന്‍സര്‍ ആശുപത്രി അവിടെ സ്ഥാപിക്കപ്പെട്ടതിനുശേഷമാണ് ഈ പ്രദേശത്ത് രാവും പകലും ആളും ബഹളവുമുണ്ടായത്.
സഹകരണപ്രസ്ഥാനത്തിനു പുതിയമാനം നേടിക്കൊടുത്ത സി.എന്‍ വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിച്ച ആ കാന്‍സര്‍ ചികിത്സാകേന്ദ്രത്തില്‍ രോഗികളുടെ തിരക്ക് അനുദിനം ഏറിവരികയാണ്.
വരുന്നവരില്‍ ഏറെയും കാസര്‍കോടു മുതല്‍ പാലക്കാടുവരെയുള്ള വിദൂരസ്ഥലങ്ങളില്‍നിന്നുള്ളവരാണ്. അവരില്‍ത്തന്നെ ബഹുഭൂരിപക്ഷവും നിര്‍ദ്ധനരും. കീമോ തെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ അര്‍ബുദരോഗചികിത്സ ഏറെനാള്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്കും കൂടെ വരുന്ന ബന്ധുക്കള്‍ക്കും ഇവിടെ അടുത്തെവിടെയെങ്കിലും മുറിയെടുത്തു താമസിക്കേണ്ട അവസ്ഥയാണ്. പാവപ്പെട്ട രോഗികള്‍ക്ക് അതു താങ്ങാനാവില്ല.
തിരുവനന്തപുരം ആര്‍.സി.സിയോടനുബന്ധിച്ച് ലീഗ് നേതാക്കളുടെ സാരഥ്യത്തില്‍ ആരംഭിച്ച സി.എച്ച്. സെന്ററിന്റെ സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാവുന്ന പലരും ചൂലൂരിലെത്തുന്ന രോഗികള്‍ക്ക് താമസസൗകര്യത്തിനും മറ്റുമായി തങ്ങളെ സമീപിക്കുകയായിരുന്നെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് കാദര്‍മാഷും പറയുന്നു.
സ്ഥലവാസികൂടിയായ കാദര്‍മാഷ് അറിയാവുന്ന വീടുകളിലൊക്കെ താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തു. ആവശ്യക്കാരുടെ എണ്ണം വല്ലാതെ വര്‍ധിച്ചപ്പോള്‍ അവരെ സഹായിക്കാന്‍ സൗകര്യപ്രദമായ ഒരു അത്താണി വേണമെന്നും തീരുമാനിച്ചു.
തിരുവനന്തപുരം ആര്‍.സി.സിക്കടുത്ത സി.എച്ച്. സെന്ററിന്റെ സാരഥികൂടിയായ ഇ.ടിയുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ വിപുലമായ പദ്ധതിക്കു രൂപം നല്‍കി.
പിന്നീടു സംഭവിച്ചതെല്ലാം അത്ഭുതത്തെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളായിരുന്നു. എം.വി.ആര്‍ ആശുപത്രിയില്‍ അര്‍ബുദചികിത്സയ്‌ക്കെത്തുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രോഗികള്‍ക്കും ബന്ധുക്കള്‍ക്കും തികച്ചും സൗജന്യമായി ചികിത്സാകാലം മുഴുവന്‍ താമസിക്കാന്‍ സൗകര്യപ്രദമായ കെട്ടിടത്തിനും മറ്റുമായി ഏഴു കോടി രൂപയുടെ പദ്ധതിയാണു തയാറാക്കിയത്.
പണമെവിടെ നിന്നു ലഭിക്കുമെന്ന ധാരണയൊന്നുമുണ്ടായിരുന്നില്ല. നല്ല കാര്യത്തിനിറങ്ങിയാല്‍ പണം വന്നുകൊള്ളുമെന്ന വിശ്വാസം മാത്രമായിരുന്നു കൈമുതല്‍.
57 സെന്റ് സ്ഥലം വാങ്ങാന്‍ വില നിശ്ചയിച്ചു ധാരണയായ ശേഷമാണ് അഭ്യുദയകാംക്ഷികളുടെ യോഗം വിളിച്ചുചേര്‍ക്കുന്നത്. ആ യോഗത്തില്‍വച്ചു തന്നെ പലരും നാലു സെന്റും അഞ്ചുസെന്റും ഒരു സെന്റും മറ്റും വാങ്ങാനുള്ള തുക ഓഫര്‍ ചെയ്തു.
പാണക്കാടുവച്ചു നടന്ന യോഗത്തിലും കിട്ടി നല്ല ഓഫര്‍. അപ്പോഴും പാതി സ്ഥലത്തിന്റെ പണമേ ആയിരുന്നുള്ളു.
അതിനിടയിലാണ് സി.ടി. അബ്ദുള്‍ ജബ്ബാര്‍ മൗലവിയുടെ മകന്‍ ഷംസുവും മറ്റു ബന്ധുക്കളും 25 സെന്റ് സ്ഥലം വാങ്ങാനുള്ള തുകയും അതില്‍ നിര്‍മിക്കുന്ന കെട്ടിടത്തിനുള്ള മുഴുവന്‍ തുകയും വാഗ്ദാനം ചെയ്തത്. സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തിയ സഹായമായിരുന്നു അത്.
2017 ജൂലായ് മുതല്‍ എം.വി.ആര്‍ ആശുപത്രിയിലെ ആവശ്യക്കാരായ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചയ്ക്കും രാത്രിയും സൗജന്യഭക്ഷണം നല്‍കുന്നുണ്ട്.
ഒന്നരവര്‍ഷത്തേയ്ക്ക് ആ ചെലവു തുക നല്‍കുന്നത് സഊദി കെ.എം.സി.സിയാണ്. സി.എച്ച് സെന്റര്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന കാലത്തോളം രോഗികള്‍ക്കാവശ്യമായ മരുന്നു സൗജന്യമായി നല്‍കാമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു കാദര്‍മാഷ് പറയുന്നു.
'സഹായം നല്‍കാന്‍ മനുഷ്യസ്‌നേഹികള്‍ തയാറാണ്. നമ്മള്‍ നല്ല കാര്യത്തിനായി അവരെ സമീപിക്കുകയേ വേണ്ടൂ.'- കാദര്‍മാഷ് പറയുന്നു.
അദ്ദേഹം ഒരു കാര്യം കൂടി ഓര്‍മിപ്പിക്കുന്നു: 'മനുഷ്യനു നന്മ ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്കു മറ്റുള്ളവരുടെ തലയും കാലും അരിയാന്‍ മനസ്സു സമ്മതിക്കില്ല.'
ഇതല്ലേ, യഥാര്‍ഥരാഷ്ട്രീയപ്രവര്‍ത്തനം?
പകയുടെ തത്വശാസ്ത്രം ജീവിതവ്രതമാക്കിയ എല്ലാവരും, എല്ലാ രാഷ്ട്രീയക്കാരും ഈ വാക്കുകള്‍ മനസ്സില്‍ പതിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."