അന്യസംസ്ഥാന വാഹന രജിസ്‌ട്രേഷന്‍ ഗതാഗത വകുപ്പ് നടപടി ലഘൂകരിച്ചു
കോഴിക്കോട്: അന്യസംസ്ഥാനങ്ങളില്‍നിന്ന് എന്‍.ഒ.സി എടുത്ത വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു.
ഇത്തരം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് ഗതാഗത കമ്മിഷണര്‍ ഉത്തരവിറക്കിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വാഹനംവാങ്ങി കേരളത്തിലെത്തിച്ചിട്ടും രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ പറ്റുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സൈന്യത്തില്‍ ജോലിചെയ്യുന്നവരടക്കം പരാതി നല്‍കിയിരുന്നു.പുതിയ നമ്പറിനായി സമര്‍പ്പിക്കുന്ന ഫോം 27ലെ അപേക്ഷകളോടൊപ്പം അനക്‌സര്‍ ഒന്നില്‍ ആവശ്യപ്പെടുന്ന രേഖകളും ഹാജരാക്കണം. ഇതു ലഭിക്കുന്ന ഓഫിസിലെ പി.ആര്‍.ഒ അപേക്ഷകനോട് ആര്‍.ടി.ഒക്കു മുന്നില്‍ ഹിയറിങിന് ഹാജരാകാന്‍ നിര്‍ദേശിക്കണം.
ആര്‍.ടി.ഒമാര്‍ 'വാഹന്‍' സോഫ്റ്റ്‌വെയറും കേസുകളുണ്ടോയെന്ന് പരിശോധിക്കാന്‍ എന്‍.സി.ആര്‍.ബിയുടെ വെബ്‌സൈറ്റും പരിശോധിക്കണം. അപാകതകളില്ലെങ്കില്‍ അന്നുതന്നെ നികുതി ഒടുക്കാനും വാഹനം പരിശോധിക്കാനും ആര്‍.ടി.ഒ നിര്‍ദേശിക്കണം. വാഹന്‍ സോഫ്റ്റ്‌വെയറില്‍ വിവരം ലഭ്യമായില്ലെങ്കില്‍ അപേക്ഷാ ഫീസ്, നികുതി എന്നിവ സ്വീകരിച്ച് രജിസ്റ്ററിങ് അതോറിറ്റിക്ക് കത്തയക്കണം. ഒരുമാസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ അനുവദിക്കാം.
പരിശോധനയില്‍ അപാതകളില്ലെങ്കില്‍ വാഹനത്തിന് അന്നുതന്നെ നമ്പര്‍ അനുവദിക്കണമെന്നും അപാതകളില്ലാത്ത അപേക്ഷകള്‍ മാറ്റിവയ്ക്കാനോ സെക്ഷനില്‍ ഏല്‍പ്പിക്കാനോ പാടില്ലെന്നും ഉത്തരവിലുണ്ട്.അപേക്ഷാവിവരങ്ങളും വാഹന വിശദാംശങ്ങളും യോജിക്കുന്നില്ലെങ്കില്‍ ഇതു രേഖപ്പെടുത്തി ഫയല്‍ ബന്ധപ്പെട്ട സെക്ഷനില്‍ നല്‍കണം.
നിസാര കാര്യങ്ങള്‍പറഞ്ഞ് അപേക്ഷ നിരസിക്കരുത്. അപേക്ഷകനു പുതിയ രജിസ്‌ട്രേഷന്‍ നമ്പര്‍ റിസര്‍വ് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഹിയറിങ് സമയത്ത് ആര്‍.ടി.ഒയെ രേഖാമൂലം അറിയിക്കണം.
ഹിയറിങ് കഴിഞ്ഞ് ഏഴുദിവസംവരെ അപേക്ഷകനു നമ്പര്‍ റിസര്‍വ് ചെയ്യാന്‍ അവസരം നല്‍കണമെന്നും ഗതാഗത കമ്മിഷണറുടെ ഉത്തരവില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."