ഒരു എസ്.ടി പെണ്‍കുട്ടി ജനിക്കുന്നത് 39000 രൂപയുടെ നിക്ഷേപത്തോടെ
മലപ്പുറം: സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ ജനിച്ചുവീഴുന്നത് 39000 രൂപ കൈയില്‍കരുതി. 18 വയസ് പൂര്‍ത്തിയാകുമ്പോഴേക്കും ഇവര്‍ ലക്ഷങ്ങള്‍ കൈവശമുള്ളവരാകും. സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച ഗോത്ര വാത്സല്യനിധി പദ്ധതി അനുസരിച്ചാണ് ഗോത്രവര്‍ഗ പെണ്‍കുട്ടികള്‍ക്ക് ജനനംമുതല്‍ സുരക്ഷ ഒരുക്കുന്നത്.
എല്‍.ഐ.സിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി പുതുതായി ജനിക്കുന്ന എസ്.ടി പെണ്‍കുട്ടികളുടെ ആരോഗ്യ, വിദ്യാഭ്യാസ സുരക്ഷ ഉറപ്പാക്കാനുദ്ദേശിച്ചുള്ളതാണ്. കഴിഞ്ഞ വര്‍ഷമാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ പ്രഖ്യാപനം വന്നത്.
2017 ഏപ്രില്‍ ഒന്നുമുതല്‍ ജനിച്ച പട്ടിക വര്‍ഗ പെണ്‍കുട്ടികള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭിക്കുക. പെണ്‍കുട്ടി ജനിച്ച് ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്പോള്‍ ആദ്യഗഡുവായി 39000 രൂപ നിക്ഷേപിച്ച് പെണ്‍കുട്ടിയുടെ പേരില്‍ സംസ്ഥാന പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഇന്‍ഷുറന്‍സ് പോളിസി എടുക്കും. പെണ്‍കുട്ടി ജനിച്ച് രണ്ടുവയസ് പൂര്‍ത്തിയാകുമ്പോള്‍ ആവശ്യമായ പ്രതിരോധ കുത്തിവയ്പുകള്‍ എടുത്തിരിക്കണം. ഇതിന്റെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാതാപിതാക്കള്‍ക്ക് 2000 രൂപയുടെ ധനസഹായം ലഭിക്കും.
അഞ്ചുവയസ് പൂര്‍ത്തിയായി സ്‌കൂളിലോ അങ്കണവാടിയിലോ പേര് രജിസ്റ്റര്‍ ചെയ്യുന്നതോടെ രണ്ടാംഗഡുവായി വകുപ്പ് 36000 രൂപ എല്‍.ഐ.സിയില്‍ നിക്ഷേപിക്കും. ഈ ഘട്ടത്തില്‍ 3000 രൂപയാണ് രക്ഷിതാക്കള്‍ക്ക് ലഭിക്കുക. പെണ്‍കുട്ടിക്ക് പത്തുവയസ് പൂര്‍ത്തിയായി നാലാംക്ലാസില്‍ പ്രവേശിക്കുമ്പോള്‍ മൂന്നാംഗഡുവായി വകുപ്പ് 33000 രൂപ നിക്ഷേപിക്കും. ഈ ഘട്ടത്തില്‍ രക്ഷിതാക്കള്‍ക്ക് അയ്യായിരം രൂപയും ലഭിക്കും. 15 വയസ് പൂര്‍ത്തിയാകുമ്പോള്‍ നാലാംഗഡുവായി 30000 രൂപസര്‍ക്കാര്‍ നിക്ഷേപിക്കുകയും പത്താംക്ലാസ് പൂര്‍ത്തിയാക്കുന്ന പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പതിനായിരം രൂപ എല്‍.ഐ.സി മുഖാന്തരം ലഭിക്കുകയും ചെയ്യും.
ഇതുകൂടാതെ പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഇന്‍ഷുറന്‍സ് തുക ലംപ്‌സം ആയി പെണ്‍കുട്ടിയുടെ കൈയിലെത്തും.
മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായാലും പദ്ധതി ആനുകൂല്യം ലഭിക്കും. പേരുചേര്‍ക്കുന്ന പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം അഞ്ചുലക്ഷം രൂപയില്‍ കുറവായിരിക്കണമെന്ന നിബന്ധനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."