മലയോര മേഖലകളില്‍ കുരുമുളക് വിളവെടുപ്പ് സജീവമാകുന്നു
കുഴല്‍മന്ദം: മലയോരമേഖലയില്‍ കുരുമുളകിന്റെ വിളവെടുപ്പ് സജീവമായി. എവിടേയും കുരുമുളക് ഉണക്കുന്നതിന്റെ തിരക്കുകളും പരിസരമാകെ മുളകിന്റെ ചൂരുമാണിപ്പോള്‍. മഴയുടെ കുറവിനൊപ്പം തൊടികള്‍ക്കുണ്ടായ കേടും മുളക് ഉത്പാദനം ഈ വര്‍ഷം പകുതിയോളം കുറഞ്ഞിട്ടുണ്ട്. എങ്കിലും ഭേദപ്പെട്ട വില നിലനില്‍ക്കുന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് മലയോരകുടിയേറ്റ മേഖലകളില്‍ മുളകിന്റെ വിളവെടുപ്പ് നടക്കുന്നത്. വില താഴ്ന്ന് റബര്‍ കൃഷി പ്രതീക്ഷകള്‍ക്ക് മങ്ങേലേല്പിച്ചപ്പോള്‍ കുരുമുളകിനെ ആശ്രയിച്ചായി മലയോരങ്ങളില്‍ ഒരു വര്‍ഷത്തെ കുടുംബബജറ്റുകളുടെ ക്രമീകരണം.
മക്കളുടെ പഠനം, വിവാഹം, വാഹനം വാങ്ങല്‍, വീട്, നിര്‍മാണം തുടങ്ങി എല്ലാം കുരുമുളക് വിലയെ ആശ്രയിച്ചാണിപ്പോള്‍. ഉല്പാദനം കുറഞ്ഞതും കൊടിയുടെ ഉണക്കവും കനത്ത ആഘാതമാണെന്ന് കടപ്പാറയില്‍ മുളക് തോട്ടമുള്ള പുത്തന്‍വീട്ടില്‍ ജോസ് പറഞ്ഞു.
ഇടമഴയില്ലാതെ വേനല്‍ കടുത്താല്‍ മുളക് തോട്ടങ്ങളെല്ലാം ഇല്ലാതാകുമെന്ന ആശങ്കയുമുണ്ട്. പാലക്കുഴിപ്പോലെയുള്ള മലപ്രദേശത്ത് കുരുമുളകില്ലാത്ത വീടുകളില്ലെന്നുതന്നെ പറയാം. ഇവിടെയുള്ള അഞ്ഞൂറോളം വീട്ടുകാരുടെയും പ്രധാന വരുമാനമാര്‍ഗം മുളക് തന്നെയാണ്.
കുരുമുളകിനെ ചുറ്റിപ്പറ്റിയാണ് ഇവിടത്തുകാരുടെ ജീവിതം റബര്‍വില താഴ്ന്നപ്പോള്‍ റബര്‍ മരങ്ങള്‍ വെട്ടിമാറ്റി കുരുമുളക് കൃഷി വ്യാപകമാക്കിയ പ്രദേശമാണ് പാലക്കുഴി. കുറഞ്ഞ സ്ഥലത്ത് ഏറ്റവും മുളക് ഉല്പാദനം നടക്കുന്ന മലയോരഭാഗമാണിത്. കുടിയേറ്റത്തിന്റെ തുടക്കത്തിലും കുരുമുളകായിരുന്നു പാലക്കുഴിയില്‍ കൂടുതല്‍. പിന്നീട് കുരുമുളക് വില നന്നേ കുറഞ്ഞപ്പോഴാണ് റബറിലേക്ക് മാറിയത്. എന്നാല്‍ റബറും പതിച്ചതോടെ പഴയ പ്രതാപത്തിലേക്ക് നീങ്ങുകയാണ് പാലക്കുഴി. കൃഷികളെല്ലാം ജൈവരീതിയിലേക്ക് ചുവടുവച്ചപ്പോള്‍ പാലക്കുഴിയിലെ കാര്‍ഷികോല്പന്നങ്ങള്‍ക്കും ഡിമാന്റ് കൂടി.
മിനി ഊട്ടി എന്നൊക്കെയായിരുന്നു പാലക്കുഴി അറിയപ്പെട്ടിരുന്നത്. സമശീതോഷ്ണകാലാവസ്ഥയില്‍ പാലക്കുഴിയിലെ മണ്ണില്‍ വിളയാത്ത വിളകളുണ്ടായിരുന്നില്ല. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം അത്തരം ഭംഗിവാക്കുകള്‍ക്കൊന്നും പ്രസക്തിയില്ലാതാക്കി. ഒരു വിളയെ മാത്രം ആശ്രയിക്കാതെ സമ്മിശ്രകൃഷികളിലൂടെ കൃഷിയില്‍നിന്നും സ്ഥിരവരുമാനം കണ്ടെത്തുന്ന കര്‍ഷകരും ഇവിടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."