'തെരഞ്ഞെടുപ്പ് ഹിന്ദുവിന് സ്വാഗതം'; രാഹുലിനെതിരേ യദ്യൂരപ്പയുടെ പരിഹാസം
ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ തുടക്കം കുറിച്ചു.
അതേസമയം പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ രാഹുലിനെ 'തെരഞ്ഞെടുപ്പ് ഹിന്ദു' എന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മുന്‍മുഖ്യമന്ത്രിയുമായ ബി.എസ് യദ്യൂരപ്പ വിശേഷിപ്പിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മാത്രം ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന രാഹുലിന്റെ രീതിയെ പരിഹസിച്ചുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസ് മുക്ത കര്‍ണാടക എന്നാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. ഇത് സാധ്യമാക്കി തരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കര്‍ണാടകയിലേക്ക് തെരഞ്ഞെടുപ്പ് ഹിന്ദുവിന് സ്വാഗതം. ബി.ജെ.പിയുടെ താല്പര്യങ്ങള് പൂര്‍ണമായും രാഹുല്‍ സാധ്യമാക്കി തരുമെന്ന കാര്യത്തില്‍ സംശയമില്ല' -യദ്യൂരപ്പ ട്വീറ്റ് ചെയ്തു.
മുന്‍കാലത്ത് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോഴാണ് കര്‍ണാടകയില്‍ ബി.ജെ.പിക്ക് അധികാരത്തിലേറാനായത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇന്നലെ പ്രചാരണത്തിനായി രാഹുല്‍ എത്തിയത് അനുകൂലമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും യദ്യൂരപ്പ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."