ടി.ഡി.പിക്കു വഴങ്ങി കേന്ദ്രസര്‍ക്കാര്‍; ആന്ധ്രയ്ക്ക് 1,269 കോടി രൂപ സഹായം
ന്യൂഡല്‍ഹി: ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്നാരോപിച്ച് തെലുഗുദേശം പാര്‍ട്ടി (ടി.ഡി.പി) പാര്‍ലമെന്റിലും പുറത്തും നടത്തിവന്ന സമ്മര്‍ദത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങി. 1,269 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ആകെ നല്‍കിയ തുകയില്‍ 319 കോടി രൂപ സംസ്ഥാനത്തിന്റെ ധനകമ്മി കുറയ്ക്കുന്നതിനു വേണ്ടിയാണ്. 253 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്‍ഡും 196 കോടി രൂപ അങ്കണവാടി ജീവനക്കാര്‍ക്കുമാണ്. 417 കോടി രൂപ പോളാവരം വിവിധോദ്ദേശ പദ്ധതിക്കു മാത്രമാണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആന്ധ്രസര്‍ക്കാര്‍ തുടങ്ങിവച്ചിരുന്നു. ഇതിനിടെ പോളാവരം കേന്ദ്രപദ്ധതിയായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഇതിന് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചത്. 31 കോടി രൂപ തൊഴിലുറപ്പ് പദ്ധതിയിലേക്കാണ്.
ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യമുന്നയിച്ച് ടി.ഡി.പി അംഗങ്ങള്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് തടസപ്പെടുത്തി വരികയായിരുന്നു. ബജറ്റിനെച്ചൊല്ലി ബി.ജെ.പിയുമായി ഉടലെടുത്ത ഭിന്നത മുന്നണിവിടുന്നതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കും വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തിനു സഹായധനം അനുവദിച്ച് ഉത്തരവിറങ്ങിയത്. ആന്ധ്രാ വിഷയത്തില്‍ കോണ്‍ഗ്രസും സംസ്ഥാനത്തെ പ്രമുഖ കക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഇടപെട്ട് പ്രശ്‌നം വലിയ രാഷ്ട്രീയചേരിയായി രൂപപ്പെടുത്തുമെന്ന ആശങ്കയാണ് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തിന് പ്രേരിപ്പിച്ചത്.
സംസ്ഥാനത്ത് അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ വിരുദ്ധവികാരം നിലനില്‍ക്കുന്നത് ബി.ജെ.പിക്കു തിരിച്ചടിയാകുമെന്നും കേന്ദ്രം കണക്കുകൂട്ടി. 16 എം.പിമാരുള്ള ടി.ഡി.പി, നിലവില്‍ എന്‍.ഡി.എ മുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."