നോട്ടു പിന്‍വലിക്കല്‍: ആഘാത ദുരിതാശ്വാസ നിധി രൂപീകരിക്കണമെന്ന് ആസൂത്രണ ബോര്‍ഡ്
തിരുവനന്തപുരം: നോട്ടു പിന്‍വലിക്കല്‍ നടപടിയിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ ദുരിതത്തിന് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടു റദ്ദാക്കല്‍ ആഘാത ദുരിതാശ്വാസ നിധി രൂപീകരിക്കണമെന്ന് ശുപാര്‍ശ.
നോട്ടു റദ്ദാക്കല്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ ആഘാതം പഠിക്കാന്‍ ആസൂത്രണ ബോര്‍ഡ് നിയമിച്ച സമിതി ഇന്നലെ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. ദുരിതാശ്വാസ നിധിയിലൂടെ ലഭിക്കുന്ന പണം നോട്ടു റദ്ദാക്കലിലൂടെ ഏറ്റവും കൂടുതല്‍ കഷ്ടതകള്‍ അനുഭവിച്ച ജനവിഭാഗത്തിന് നേരിട്ട് ഉപകാരപ്പെടുന്ന രീതിയില്‍ ചെലവഴിക്കാന്‍ കഴിയണം.
കേരളത്തില്‍ അസംഘടിത മേഖലക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഈ നിധിയില്‍ നിന്ന് സഹായം നല്‍കണം. നോട്ടു റദ്ദാക്കല്‍ സമ്പദ് വ്യവസ്ഥക്ക് കനത്ത ആഘാതമേല്‍പ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആ തീരുമാനത്തില്‍ നിന്നു പിന്‍മാറാന്‍ തയാറല്ല.
കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂ. പുറത്തു നിന്ന് വായ്പയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച പരിധി ഇളവു വരുത്താന്‍ ആവശ്യപ്പെടണമെന്നും സമിതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ആസൂത്രണ ബോര്‍ഡ് നിര്‍ദേശിക്കുന്നതിന് അനുസരിച്ച് ആസൂത്രണ പദ്ധതികള്‍ പുന:ക്രമീകരിച്ച് ജനോപകാരപ്രദമാക്കണം. നോട്ടു റദ്ദാക്കലിനെ തുടര്‍ന്നുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താനും വിശദമായ പഠനം നടത്താനും സര്‍ക്കാര്‍ തയാറാകണം. മറ്റു സംസ്ഥാനങ്ങളോടും ഇതേ ആവശ്യം കേരളം ഉന്നയിക്കണം. കേന്ദ്രസര്‍ക്കാരില്‍ നിന്നു ഈയിനത്തില്‍ ലഭിക്കേണ്ട നഷ്ടപരിഹാരത്തിന്റെ കണക്ക് തയാറാക്കുകയും നയങ്ങള്‍ രൂപീകരിച്ച് അതിന് വിവിധ സംസ്ഥാനങ്ങളുടെ അംഗീകാരം നേടിയെടുക്കുകയും വേണം.
ഡിജിറ്റല്‍ ഇടപാടുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കിലും ഇതിന് വേണ്ടി വരുന്ന ചെലവുകള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലായിരുന്നു. ഇത്തരം ഇടപാടുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് അമിത ലാഭം ഊറ്റിയെടുക്കാനുള്ള മാര്‍ഗങ്ങളാകില്ലെന്ന് ഉറപ്പു വരുത്തണമെന്നും ബോര്‍ഡിന്റെ ശുപാര്‍ശയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."