ശശികലക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ്
ചെന്നൈ: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ശശികല അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായത് ചോദ്യം ചെയ്ത് എം.പിമാരായ മൈത്രേയന്‍, ശശികല പുഷ്പ എന്നിവരടക്കം 11 പേര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് നോട്ടിസ് നല്‍കിയത്. ഈ മാസം 28ന് മുന്‍പായി മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് പാര്‍ട്ടിയുടെ നിയമാവലിക്ക് വിരുദ്ധമാണ്. ചുരുങ്ങിയത് ആറുമാസം പാര്‍ട്ടി അംഗമാകുന്ന ആള്‍ക്ക് മാത്രമേ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് നിയമിക്കപ്പെടാന്‍ അര്‍ഹതയുണ്ടാകൂ എന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് മുന്‍പാകെ ഹരജി നല്‍കിയത്. ഇക്കഴിഞ്ഞ 16നാണ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ എം.പിമാര്‍ ഹരജി നല്‍കിയത്. 28ന് മറുപടി നല്‍കാന്‍ കഴിയാത്ത പക്ഷം കമ്മിഷന്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നോട്ടിസില്‍ അറിയിച്ചിട്ടുണ്ട്. നോട്ടിസ് ബംഗളൂരുവില്‍ ശശികലയെ പാര്‍പ്പിച്ച പരപ്പന അഗ്രഹാര ജയിലിലേക്കാണ് അയച്ചത്.
അതേസമയം പാര്‍ട്ടി പിടിക്കാന്‍ പോരിനുറച്ച് രംഗത്തിറങ്ങിയ പനീര്‍ശെല്‍വം പക്ഷം അണ്ണാ ഡി.എം.കെ ജന. സെക്രട്ടറി ശശികലയേയും മുഖ്യമന്ത്രി പളനിസാമിയേയും പുറത്താക്കി. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനാണ് ഇവരെ പുറത്താക്കിയത്. ജയലളിത പുറത്താക്കുകയും ശശികല ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജന. സെക്രട്ടറിയായി തിരിച്ചെടുക്കുകയും ചെയ്ത ടി.ടി.വി ദിനകരനെയും ഡോ.വെങ്കടേഷിനെയും പുറത്താക്കിയിട്ടുണ്ട്. പനീര്‍ശെല്‍വം, ഇ. മധുസൂദനന്‍, പാണ്ഡ്യരാജന്‍ അടക്കമുള്ള ചില നേതാക്കളെ ശശികല പുറത്താക്കിയിരുന്നു. ഇതിന് തിരിച്ചടിയായാണ് ശശികല ക്യാംപിലെ 13 പേരെ പുറത്താക്കിയത്.
അവിശ്വാസ വോട്ടെടുപ്പില്‍ അട്ടിമറിയുണ്ടാകുമെന്ന കാര്യം മുന്നില്‍കണ്ട് പനീര്‍ശെല്‍വം പക്ഷം വിശ്വാസ വോട്ട് രഹസ്യബാലറ്റില്‍ വേണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി പിടിക്കുക എന്നതാണ് ഇരുവിഭാഗത്തിന്റേയും ലക്ഷ്യം. വിശ്വാസവോട്ടില്‍ ജയിച്ചാലും മന്നാര്‍ഗുഡി സംഘം നയിക്കുന്ന ശശികല ക്യാംപിന് ജനങ്ങള്‍ക്കിടയില്‍ പിന്തുണ കുറവാണ്. ഇക്കാര്യം അവര്‍ തിരിച്ചറിയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."