മനം നിറഞ്ഞ് വഡോദരയിലേക്ക്
കൊച്ചുവേളി ഇന്‍ഡോര്‍ എക്‌സ്പ്രസിലെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള കോച്ചുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഉല്ലാസത്തിന്റെ പൊട്ടിച്ചിരികളാണ്. മലയാണ്‍മയുടെ പച്ചപ്പും പിന്നിട്ട് കൊങ്കണ്‍ തീരത്തുകൂടി യാത്ര തുടരുമ്പോള്‍ താരങ്ങളുടെ മുഖത്ത് തെല്ലും ആശങ്കയില്ല. അനിശ്ചിതത്വത്തിലായിരുന്ന യാത്ര സുഖകരമായതിന്റെ ആഹ്ലാദത്തിലാണ്. ലക്ഷ്യം ഒന്നു മാത്രം. പുതിയ ഉയരവും ദൂരവും വേഗവും കീഴടക്കി അജയ്യരായി മടങ്ങുക. ദേശീയ ജൂനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള കേരള ടീമിന്റെ യാത്ര അവസാന നിമിഷം വരെ അനിശ്ചിതത്വത്തിലായിരുന്നു. സീറ്റുറപ്പാക്കാന്‍ ഓട്ടപ്പാച്ചില്‍ തന്നെ. കായിക മന്ത്രി എ.സി മൊയ്തീനും എം.പിമാരായ എ സമ്പത്തും സുരേഷ് ഗോപിയും റെയില്‍വേ ഡിവിഷണല്‍ മാനേജരും ഒത്തുപിടിച്ച് പരിശ്രമിച്ചതോടെ ടിക്കറ്റെല്ലാം ഒ.കെയായി. 48 കായിക താരങ്ങളും 10 ഒഫിഷ്യല്‍സും രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരും രണ്ടു പാചകക്കാരും ഉള്‍പ്പടെ 62 അംഗ സംഘത്തിനു യാത്ര ചെയ്യാന്‍ കൈവശമുള്ളത് 79 ബര്‍ത്തുകള്‍.
26 ആണ്‍കുട്ടികളും 22 പെണ്‍കുട്ടികളുമാണ് നിലവില്‍ കേരള സംഘത്തിലുള്ളത്. തിരുവനന്തപുരം സായിയിലെ സി അഭിനവും പുല്ലൂരാംപാറ സെന്റ് ജോസഫിലെ അപര്‍ണ റോയിയുമാണ് കേരള ടീമിന്റെ ക്യാപ്റ്റന്‍മാര്‍. 53 അംഗ സംഘത്തില്‍ നിന്നു പരീക്ഷയെ തുടര്‍ന്ന് ഉഷ സ്‌കൂളിലെ അതുല്യ ഉദയനും ടി സൂര്യമോള്‍ക്കും പിന്നാലെ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി.ഡി അഞ്ജലിയും കുളത്തുവയല്‍ സ്‌കൂളിലെ വിഗ്‌നേഷ് നമ്പ്യാരും ടീമില്‍ നിന്നു പിന്‍മാറി. ലോങ് ജംപ് താരം ഗായത്രി ശിവകുമാര്‍ ടീമീനൊപ്പം എത്തിയിട്ടില്ല. അടുത്ത ദിവസം വഡോദരയില്‍ ടീമിനൊപ്പം ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നിലവിലെ ചാംപ്യന്‍മാരായ കേരളം ഒരാഴ്ചക്കാലം തിരുവനന്തപുരത്ത് നടത്തിയ പരീശീലനത്തിന്റെ മികവുമായാണ് ഇന്നലെ രാവിലെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നിന്നു യാത്ര തിരിച്ചത്. ടീമിനു വിജയാശംസകള്‍ നേരാന്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ് എത്തിയിരുന്നു. തീവണ്ടിയില്‍ കയറാനായി കൊച്ചുവേളിയിലേക്ക് പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസിലായിരുന്നു യാത്ര. പ്രാതല്‍ കഴിച്ചിറങ്ങിയ സംഘത്തിനു ഉച്ചഭക്ഷണം ഫ്രൈ ഡ്രൈസും ചിക്കനും. രാത്രി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തിയും ചിക്കന്‍ കറിയും. ഇന്നു പ്രാതലിന് ബ്രഡും പഴവും. ഉച്ചയ്ക്ക് വെജിറ്റേറിയന്‍ ട്രെയിനില്‍ നിന്നു ഊണ്. വഡോദരയില്‍ ഇന്നു രാത്രി ഒന്‍പതോടെ എത്തുമെന്നാണ് പ്രതീക്ഷ.
അവിടെ അത്താഴത്തിനു ബിരിയാണി തയ്യാറാകും. മുന്‍കൂട്ടി തന്നെ സംവിധാനം ഒരുക്കിയിട്ടുണ്ട്. ടീമിനു കേരളീയ വിഭവം തയ്യാറാക്കാന്‍ പ്രത്യേക പാചക സംഘവും കൂടെ നാടന്‍ അരിയും പല വ്യഞ്ജനങ്ങളും തേങ്ങയും വെളിച്ചെണ്ണയും ഉള്‍പ്പടെ കരുതിയിട്ടുണ്ട്. പച്ചക്കറിയും മത്സ്യവും മാംസവും മാത്രം വഡോരയില്‍ നിന്നു വാങ്ങിയാല്‍ മതി. ടീം മാനേജര്‍ കാര്‍ത്തികപ്പള്ളി സ്‌കൂളിലെ അനീഷ് തോമസിന്റെ നേതൃത്വത്തിലാണ് സംഘത്തിന്റെ യാത്ര.
ടോമി ചെറിയാന്‍, ജാഫര്‍ഖാന്‍, കെ സുരേന്ദ്രന്‍, അനീഷ് തോമസ്, വര്‍ഗീസ് വൈദ്യന്‍, എ മുരളീധരന്‍, റോയി സ്‌കറിയ, സഫിയ, മിനികുമാരി എന്നിവരാണ് ടീമിനെ അനുഗമിക്കുന്ന പരിശീലകര്‍. വൈദ്യ സഹായം നല്‍കാനായി സ്‌പോര്‍ട്‌സ് ആയുര്‍വേദ സെല്ലിലെ ഡോ. ആര്‍ സോജ്, ഡോ. ഡി.എസ് ഹരികൃഷ്ണന്‍ എന്നിവരും സംഘത്തോടൊപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."